1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2024

സ്വന്തം ലേഖകൻ: യുഎഇ യാത്രയ്ക്ക് ഒരുങ്ങുന്ന പലരെയും പുതിയ സന്ദർശന വീസ നിബന്ധനകൾ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യാത്രക്കാർ 3,000 ദിർഹമോ തത്തുല്യമായ കറൻസിയോ, ക്രെഡിറ്റ് കാർഡോ കൈവശം വയ്ക്കണമെന്ന നിബന്ധനയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്,സാധുവായ റിട്ടേൺ ടിക്കറ്റ്, താമസ സൗകര്യത്തിന്‍റെ തെളിവ് (ഹോട്ടൽ ബുക്കിങ്, താമസസ്ഥലത്തിന്‍റെ വാടക കരാർ തുടങ്ങിയവ),ബന്ധുവിന്‍റെയോ സുഹൃത്തിന്‍റെയോ കൂടെയാണ് താമസമെങ്കിൽ അവരുടെ മേൽവിലാസം, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് (താമസിക്കുന്ന വ്യക്തിയുടേത്) എന്നിവ കൈവശം വയ്ക്കണമെന്ന നിബന്ധനകൾ നേരത്തെയുള്ളതാണ്. 2020 സെപ്റ്റംബറിൽ ഈ നിബന്ധനകളിൽ ഇളവ് നൽകിയിരുന്നു.

3,000 ദിർഹം (ഏകദേശം 68,000 രൂപ) കൈയിൽ കരുതണമെന്ന പുതിയ നിബന്ധന യുഎഇയിൽ തൊഴിൽ സ്വപ്നം കാണുന്നവരെയും പ്രധാനമായി ബാധിക്കുന്നു. ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്, തിരിച്ചുള്ള യാത്ര ടിക്കറ്റ്, താമസ സൗകര്യത്തിന്‍റെ തെളിവ് എന്നിവയും നിബന്ധനകളിൽ ഉൾപ്പെടുന്നു. ബന്ധുവിന്‍റെയോ സുഹൃത്തിന്‍റെയോ ആശ്രയയിൽ താമസിക്കുന്നവർ അവരുടെ വിവരങ്ങളും ഹാജരാക്കണം.

കഴിഞ്ഞ ദിവസങ്ങളിൽ നിബന്ധനകൾ പാലിക്കാതിരുന്ന മലയാളികളടക്കമുള്ള യാത്രക്കാരെ വിമാനത്താവളങ്ങളിൽ തടഞ്ഞുവച്ചിരുന്നു. ഇത് യാത്രക്കാർക്ക് വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. യുഎഇയിലേക്ക് സന്ദർശക വീസയിൽ തൊഴിൽത്തേടി എത്തുന്നവരെ നിരാശപ്പെടുത്തുമെന്നും ഇത്തരം നിബന്ധനകൾ ബിസിനസിനെ ബാധിക്കുമെന്നും ട്രാവൽ ഏജന്‍സികൾ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് കർശന നിബന്ധനകൾ നേരത്തെ പിൻവലിച്ചത്. ഇപ്പോഴത് വീണ്ടും നിർബന്ധമാക്കിയത് പലരെയും കുടുക്കിയിരിക്കുന്നു. എന്നാൽ, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് വേണമെന്നത് ഇപ്പോഴും അത്ര കർശനമല്ല.‌‌

യുഎഇ സന്ദർശന വീസാ നിബന്ധനകൾ കടുപ്പിച്ചതോടെ നിരവധി മലയാളികൾ ഉൾപ്പടെയുള്ള യാത്രക്കാർ പ്രതിസന്ധിയിലായി. വിമാനത്താവളങ്ങളിൽ വെച്ച് നിബന്ധനകൾ പാലിക്കാത്ത യാത്രക്കാരെ അധികൃതർ തടഞ്ഞുനിർത്തുകയും തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. ചിലർ ദുബായിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയതായുമാണ് റിപ്പോർട്ട്. നിബന്ധനകൾ കടുപ്പിച്ചത് യുഎഇയില്‍ ഒരു മികച്ച ജോലി സ്വപ്നം കണ്ടിരുന്നവരെ കടുത്ത നിരാശയിലാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ പലരും വളരെ കഷ്ടപ്പെട്ടാണ് വീസയ്ക്കും വിമാന യാത്രയ്ക്കുമുള്ള പണം കണ്ടെത്തുന്നത്. ഇവർ 68,000 രൂപയോളം കൈയിൽ കരുതണമെന്നത് അസാധ്യവുമാണ്.

ദുബായിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ടിനൊപ്പം സാധുവായ വീസ ഉണ്ടായിരിക്കണം. കൂടാതെ സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ് കൈവശം വയ്ക്കണം. നേരത്തേയുള്ള പരിശോധനകളാണിവയെന്നും യാത്ര പുറപ്പെടും മുൻപ് എല്ലാവരും ഇത് ശ്രദ്ധിക്കണം. ആദ്യം യുഎഇയിലെ വിമാനത്താവളങ്ങളിൽ നിന്നാണ് തിരിച്ചയച്ചത്. പിന്നീട് അത് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുമായി. ഇടുക്കി ജില്ലയിലെ ഒട്ടേറെ യുവതീയുവാക്കൾ കേരളത്തിലെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കപ്പെട്ട റിപോർട് കഴിഞ്ഞദിവസമുണ്ടായിരുന്നു. എന്നാൽ ദുബായ് എമിഗ്രേഷൻ അധികൃതർ ഇതുസംബന്ധമായ പ്രസ്താവന ഇതുവരെ പുറത്തിറക്കിയിട്ടില്ല.

യഥാർഥത്തിൽ 5,000 ദിർഹമോ തത്തുല്യമായ സംഖ്യയോ കൈവശമുണ്ടായിരിക്കണമെന്നാണ് നിയമം. എങ്കിലും ചുരുങ്ങിയത് 3000 ദിർഹമെങ്കിലും കരുതിയിരിക്കണം. കൂടാതെ ഹോട്ടലിന്‍റെയോ, ബന്ധു, സുഹൃത്തുക്കൾ എന്നിവരുടേയോ മേൽവിലാസവും മറ്റു രേഖകളും കൈയിലുണ്ടെന്ന് ഉറപ്പുവരുത്തണം. യുഎഇയിലുള്ള ബന്ധുക്കളുടെ അടുത്തേയ്ക്കാണ് സന്ദർശക വീസക്കാർ വരുന്നതെങ്കില്‍ കഴിവതും അവരുടെ കൂടെ തന്നെ യാത്ര ചെയ്യാൻ ശ്രമിക്കണമെന്നും അഫി പറയുന്നു.

സന്ദർശക വീസയിൽ വന്ന് തിരിച്ചുപോകാത്തവരുടെ എണ്ണം വീണ്ടും പെരുകിയതാണ് അധികൃതർ നിബന്ധനകൾ കർശനമാക്കാൻ കാരണമെന്നാണ് കരുതുന്നത്. കോവിഡ്19ന് ശേഷം തൊഴിൽത്തേടി സന്ദർശക വീസയിലെത്തുന്നവർ കൂടിയിട്ടുണ്ട്. എന്നാൽ, മഹാരോഗം അകന്നുപോയ ഉടൻ ഉണ്ടായിരുന്ന ജോലി ഒഴിവുകളെല്ലാം പെട്ടെന്ന് നികത്തപ്പെട്ടതും സാമ്പത്തിക രംഗത്തിന്‍റെ ഉണർവ് പതുക്കെ ആയതിനാലും കൂടുതൽ തൊഴിൽ തസ്തികകൾ സൃഷ്ടിക്കപ്പെടുകയുണ്ടായില്ല. നിലവിൽ യുഎഇയിൽ ആയിരക്കണക്കിന് പേർ തൊഴിൽ തേടി അലയുന്നുണ്ട്. ഇവരിൽ മലയാളികളുൾപ്പെടെയുള്ളവർ കൂടുതലും ഉന്നത വിദ്യാഭ്യാസം നേടിയവരും പ്രവൃത്തി പരിചയമുള്ളവരുമാണ്.

ദുബായിലെത്തുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായി വിമാനത്താവളത്തിൽ പരിശോധനകൾ നടക്കുന്നുണ്ട്. അധിക ദിവസം താമസിച്ചതിന് നിരവധി കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടു. അധികൃതരുടെ ഈ നടപടി എമിറേറ്റിലെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് ട്രാവൽ ആൻഡ് ടൂറിസം രംഗത്തുള്ളവരുടെ അഭിപ്രായം. കർശനമായ പരിശോധനകൾ സുതാര്യത നൽകുകയും യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിയവരാണ് ആദ്യമായി മതിയായ രേഖകള്‍ ഹാജരാക്കാത്തതിനാൽ പ്രതിസന്ധിയിലായത്. പലരും പണമുണ്ടെന്നതിന്‍റെ തെളിവ് ഹാജരാക്കിയെങ്കിലും യുഎഇയിലെ താമസ സൗകര്യത്തിന്‍റെ തെളിവ് നൽകാനായില്ല. ബന്ധുക്കളുടെ കൂടെയാണ് താമസിക്കുന്നത് എന്ന് അറിയിച്ചപ്പോൾ, അദ്ദേഹത്തിന്‍റെ എമിറേറ്റ്സ് ഐഡിയും താമസ സ്ഥലത്തിന്‍റെ മേൽവിലാസവും അന്വേഷിച്ചു.

ഇത് ഹാജരാക്കാനാക്കാത്തതിനാൽ തിരിച്ചു പോകേണ്ടി വന്നു. ചിലർക്ക് വിമാനത്താവളത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ട്രാവൽ ഏജന്‍റ് ഇത്തരം കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവത്കരണം നടത്താത്തതാണ് കാരണമായത്. എന്നാൽ, നേരത്തെ നിയമം ഇത്ര കര്‍ശനമല്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങൾ അറിയിക്കാതെ പോയതെന്ന് ട്രാവൽസ് അധികൃതരും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.