1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2024

സ്വന്തം ലേഖകൻ: നിർമാണ മേഖലകളിലും ഫാക്ടറികളിലും അടക്കം അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ പരുക്കേൽക്കുന്നവരിൽ 4% കുറവുണ്ടായതായി മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സ്വകാര്യ മേഖലകളുമായി സഹകരിച്ച് മന്ത്രാലയം നടപ്പാക്കിയ സുരക്ഷാ, നിയമ അവബോധ പരിപാടികളുടെയും ഫലമാണിത്. തൊഴിലിടങ്ങളിൽ പരുക്കേൽക്കുകയോ, രോഗബാധിതനാകുകയോ ചെയ്താൽ നഷ്ടപരിഹാരവും തൊഴിൽ ആനുകൂല്യങ്ങളും തൊഴിലുടമകൾ നൽകണമെന്നാണ് നിയമം.

മുഴുവൻ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകിയ ശേഷമേ തൊഴിലാളികളുടെ വീസ റദ്ദാക്കാവൂ. അധികൃതർ കർശന നിലപാട് സ്വീകരിച്ചതോടെ തൊഴിലിടങ്ങളിലെയും ലേബർ ക്യാംപിലെയും ആരോഗ്യ, സുരക്ഷാ കാര്യങ്ങൾ കമ്പനികൾ കൂടുതൽ ഗൗരവത്തിലെടുത്തതായാണ് വിലയിരുത്തൽ. കൂടാതെ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയതും അനുകൂല ഘടകമായി.

തൊഴിലാളികൾക്ക് ആരോഗ്യ, തൊഴിൽ സുരക്ഷയൊരുക്കാത്തതിനാൽ കഴിഞ്ഞ വർഷം 75,134 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 12,855 സ്ഥാപനങ്ങൾക്കെതിരെ നടപടിയുമെടുത്തു. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ തൊഴിലാളികൾക്ക് പരുക്കേൽക്കുന്ന കേസുകളിൽ 43% കുറവുണ്ടായതായും മന്ത്രാലയം വ്യക്തമാക്കി.

തൊഴിലിടങ്ങളിലും ലേബർ ക്യാംപുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. പരിശോധനാ ഉദ്യോഗസ്ഥർ സ്ഥാപനങ്ങൾ സന്ദർശിച്ചാണ് തൊഴിലിടങ്ങളിൽ പരുക്കേൽക്കുന്നവരുടെ ചികിത്സ, നഷ്ടപരിഹാരം, വേതനം എന്നിവ ഉറപ്പാക്കുന്നത്. തൊഴിലാളികൾക്ക് പരുക്കേൽക്കുമ്പോൾ തൊഴിലുടമകളാണ് തുടർനടപടികൾക്ക് മുന്നിട്ടിറങ്ങേണ്ടത്. 48 മണിക്കൂറിനകം അധികൃതർക്ക് വിവരം കൈമാറണം.

തൊഴിലാളിയുടെ പേര്, ദേശം തിരിച്ചറിയൽ കാർഡ് നമ്പർ, അപകടം നടന്ന സമയം, സ്ഥലം തുടങ്ങി സംഭവത്തിന്റെ പൂർണ വിവരങ്ങൾ കൈമാറണം. ചികിത്സ അവസാനിച്ചാൽ രോഗിയുടെ സമഗ്ര മെഡിക്കൽ റിപ്പോർട്ട് ആരോഗ്യ കേന്ദ്രങ്ങൾ നൽകണം. രോഗിയുടെ ശാരീരിക ക്ഷമതാ റിപ്പോർട്ട് സർക്കാർ മെഡിക്കൽ കേന്ദ്രങൾ സാക്ഷ്യപ്പെടുത്തുകയും വേണം.

തൊഴിലാളികൾക്ക് പണിസ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ പരാതിപ്പെടാം. മന്ത്രാലയത്തിന്റെ കോൾ സെന്റർ നമ്പറായ 600590000 വിളിച്ചോ മൊബൈൽ ആപ്, വെബ് സൈറ്റ്, സമൂഹമാധ്യമ പേജുകൾ എന്നിവയിലൂടെയോ പരാതി നൽകാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.