ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ തകര്‍ന്ന് അടിഞ്ഞ് ഓസ്‌ട്രേലിയ. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് 18.3 ഓവറില്‍ കേവലം 60 റണ്‍സിന് എല്ലാവരും പുറത്തായി. 9.3 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് ബ്രോഡ് എട്ടു വിക്കറ്റുകളെടുത്തത്. 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും 13 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സണും മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ രണ്ടക്കം കടക്കാന്‍ സാധിച്ചുള്ളു. സ്‌കോര്‍ ബോര്‍ഡിലെ ഹയസ്റ്റ് സ്‌കോറര്‍ എക്‌സ്ട്രാസാണ്.
ആദ്യ ഓവറില്‍ മൂന്നാം പന്തില്‍ തന്നെ ക്രിസ് റോജേഴ്‌സിനെ(0) ബ്രോഡ് പുറത്താക്കി. ക്യാപ്റ്റന്‍ കുക്കാണ് ക്യാച്ച് എടുത്തത്. അതേ ഓവറിലെ അവസാന പന്തില്‍ സ്റ്റീവന്‍ സ്മിത്തിനെക്കൂടി പുറത്താക്കി ബ്രോഡ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ഓസീസിന്റെ പതനം തുടങ്ങി.
റണ്ണെടുക്കുംമുമ്പെ വാര്‍ണറെ വീഴ്ത്തി വുഡും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായപ്പോള്‍ ഓസ്‌ട്രേലിയ ഞെട്ടി. പിന്നെ വിക്കറ്റ് മഴയായിരുന്നു. ഷോണ്‍ മാര്‍ഷ്(0), ആദം വോഗ്‌സ്(1), നെവില്‍(2)സ്റ്റാര്‍ക്ക്(1), ലയോണ്‍(9) എന്നിവരും അതിവേഗം ക്രീസിലെത്തി മടങ്ങി. 14 എക്‌സ്ട്രാകൂടി ഇല്ലായിരുന്നെങ്കില്‍ ഓസീസിന്റെ സ്‌കോര്‍ 50ല്‍ താഴെ ഒതുങ്ങുമായിരുന്നു. 15 റണ്‍സ് വഴങ്ങി എട്ടുവിക്കറ്റെടുത്ത ബ്രോഡ് കരിയറിലെ ഏറ്റവുംമികച്ച പ്രകടനത്തിനൊപ്പം 300 വിക്കറ്റ് ക്ലബ്ബിലുമെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല