സ്വന്തം ലേഖകന്‍: വിസാ കാലാവധി കഴിഞ്ഞും ബ്രിട്ടന്‍ വിടാത്തവരില്‍ കൂടുതലും ഇന്ത്യക്കാര്‍; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസാ നിബന്ധനകളില്‍ ഇളവില്ലെന്ന് ബ്രിട്ടന്‍. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീസ വ്യവസ്ഥകളില്‍ മാറ്റമില്ലെന്നു വ്യക്തമാക്കിയ ബ്രിട്ടീഷ് അധികൃതര്‍ ഇന്ത്യക്ക് അനുവദിക്കുന്ന വിദ്യാര്‍ഥി വീസകളുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടില്ലെന്നും അറിയിച്ചു.
വിദ്യാര്‍ഥി വീസയില്‍ ചൈന അടക്കം ചില രാജ്യങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ച് കഴിഞ്ഞദിവസം ബ്രിട്ടന്‍ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയെ ഒഴിവാക്കിയ നടപടിക്കെതിരെ വ്യാപകപരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ എളുപ്പവീസാ പട്ടികയില്‍ ഇന്ത്യയെ ഇപ്പോഴും ഉള്‍പ്പെടുത്തിയിട്ടില്ല.
വീസാ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ തുടരുന്നവരില്‍ ഇന്ത്യക്കാര്‍ കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എളുപ്പവീസ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കിയത്. കടുത്ത പരിശോധനകള്‍കൂടാതെ സ്റ്റുഡന്റ് വിസ സമര്‍പ്പിക്കാവുന്ന 25 രാജ്യങ്ങളുടെ പട്ടികയാണ് ബ്രിട്ടീഷ് ഹോം ഓഫീസ് തയ്യറാക്കിയത്. പുതിയ ഇമിഗ്രേഷന്‍ നയത്തിന്റെ ഭാഗമായുള്ള ഈ പട്ടിക വെള്ളിയാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്തു.
അമേരിക്ക, കാനഡ, ന്യൂസീലന്‍ഡ്, ചൈന, ബഹ്‌റീന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ പട്ടികയിലുണ്ട്. ഇന്ത്യയെ ഒഴിവാക്കിയതിന് ബ്രിട്ടനില്‍ നടക്കുന്ന യു.കെഇന്ത്യ വീക്കില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഹോം ഓഫീസ് തയ്യാറാക്കുന്ന അപ്പന്‍ഡിക്‌സ് എച്ച് പ്രകാരമുള്ള പട്ടിക ഓരോ സമയത്തെയും സാഹചര്യങ്ങളനുസരിച്ച് പുതുക്കുക പതിവാണെന്നും രാജ്യങ്ങളിലെ സുരക്ഷ സംബന്ധിച്ച ആശങ്ക അകലുന്നതനുസരിച്ച് പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും സ്വാഭാവികമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല