1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2024

സ്വന്തം ലേഖകൻ: യുകെയിൽ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വീസ നല്‍കാന്‍ അധികാരം നല്‍കാന്‍ ഒരുങ്ങുന്നു. അഭയാര്‍ത്ഥി അപേക്ഷയിലെ പഴുത് ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള റിപ്പോര്‍ട്ടിന് മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ചു. പ്രകടനം മോശമായ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള വീസകള്‍ നല്‍കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് ആണ് നിര്‍ദ്ദേശം. മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്.

ഇമിഗ്രേഷന്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നത് വഴി യുകെയിലേക്ക് സ്ഥിരമായി താമസം മാറുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് മധ്യ-വലത് ബുദ്ധികേന്ദ്രമായ ഓണ്‍വാഡിന്റെ പഠനം പറയുന്നത്. ഇമിഗ്രേഷന്‍ റൂട്ടായി ഉന്നത വിദ്യാഭ്യാസം മാറുന്നതായി ആശങ്കകള്‍ക്കിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ബ്രിട്ടനില്‍ പഠിക്കാനെത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചതില്‍ കാല്‍ശതമാനം പേരും അഞ്ച് യൂണിവേഴ്‌സിറ്റികളും, ഒരു എഡ്യുക്കേഷന്‍ ഏജന്‍സിയും കേന്ദ്രീകരിച്ച് പഠിക്കാനെത്തിയവരാണെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ കണ്ടെത്തിയത്. നെറ്റ് േൈഗ്രഷന്‍ ആയിരങ്ങളായി ചുരുക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 2010 മുതല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ 2022-ല്‍ ഇത് 745,000 ആയി ഉയരുകയാണ് ചെയ്തത്.

ഏറ്റവും പുതിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ അടുത്ത മൂന്നാഴ്ചയില്‍ പുറത്തുവരും. ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കടുത്ത പരിഷ്‌കാരങ്ങള്‍ വേണമെന്നാണ് ഓണ്‍വാര്‍ഡ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും ഉയര്‍ന്ന കഴിവും, വരുമാന സാധ്യതയുമുള്ളവര്‍ക്കായി വീസാ നിയമങ്ങളില്‍ മുന്‍ഗണന നല്‍കണം. കുറഞ്ഞ യോഗ്യതയും, താഴ്ന്ന വരുമാനവും നേടുന്നവരെ ഘട്ടംഘട്ടമായി ഒഴിവാക്കുകയും, ഉന്നത നിലവാരം പ്രകടിപ്പിക്കുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രമായി വീസ നല്‍കാന്‍ അധികാരം നിജപ്പെടുത്തുകയും വേണം, റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ലെവവിംഗ് അപ്പ് സെക്രട്ടറി മൈക്കിള്‍ ഗോവ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞു. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വീസ നല്‍കുന്നത് പരിമിതപ്പെടുത്തിയാല്‍ പല ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെയും നിലനില്‍പ്പിനെ ബാധിക്കുമെന്നതാണ് അവസ്ഥ. ഇത് മലയാളി വിദ്യാര്‍ത്ഥികള്‍ക്കടക്കം തിരിച്ചടിയാകുമോയെന്നു ആശങ്കയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.