1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2023

സ്വന്തം ലേഖകൻ: സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍നിന്ന് ഇന്ത്യാക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള നടപടികള്‍ ഈര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി-130ജെ വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ സജ്ജമായി നില്‍ക്കുന്നതായും ഇന്ത്യന്‍ നാവികസേനാക്കപ്പല്‍ ഐഎന്‍എസ് സുമേധ സുഡാന്‍ തീരത്തെത്തിയതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കലാപരൂക്ഷിത സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തി വരുന്നതായും സുഡാനിലെ നിലവിലെ സുരക്ഷാസാഹചര്യങ്ങളെ കുറിച്ച് സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സുഡാനില്‍ നിന്ന് ഇന്ത്യാക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രാലയം.

ഇന്ത്യാക്കാരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. സുഡാന്‍ അധികൃതരെ കൂടാതെ ഐക്യരാഷ്ട്രസഭ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, യുഎസ് എന്നിവരുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തിവരികയാണ്. വിമാനങ്ങള്‍ സജ്ജമാണെങ്കിലും സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ നിലത്തിറക്കാന്‍ സാധിക്കുകയുള്ളൂ.

ഖര്‍ത്തൂമിലും മറ്റു പ്രധാന പ്രദേശങ്ങളിലും സംഘര്‍ഷം രൂക്ഷമായിത്തുടരുന്നതിനാല്‍ വ്യോമഗതാഗതം റദ്ദാക്കിയിരിക്കുകയാണ്. അത്തരം സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനം അവിടെ ഇറക്കുന്നതില്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ട്. അനുകൂലസാഹചര്യം സാധ്യമാകുന്ന ഏറ്റവുമടുത്ത സമയത്ത് വിമാനങ്ങള്‍ സുഡാനില്‍ എത്തിച്ചേരുമെന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. റോഡ് മാര്‍ഗത്തിലൂടെയുള്ള ഒഴിപ്പിക്കലും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.