1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2021

സ്വന്തം ലേഖകൻ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് കനാലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍. ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. ‘അവള്‍ സ്വതന്ത്രയായി’ എന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകള്‍ ,ടഗ്‌ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പല്‍ പൂര്‍ണമായും നീക്കാനായത്. സൂയസ് കനാല്‍ അധികൃതര്‍, ഡച്ച് സ്ഥാപനമായ സ്മിത് സാവേജ് എന്നിവര്‍ സംയുക്തമായാണ് കപ്പല്‍ നീക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടത്. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കപ്പല്‍ രക്ഷാപ്രവര്‍ത്തനമായി മാറി ഏവര്‍ ഗിവണിനെ നീക്കാനുള്ള ശ്രമം.

എവര്‍ ഗ്രീന്‍ എന്ന തായ്‌വാന്‍ കമ്പനിയുടെ എയര്‍ഗിവണ്‍ എന്ന കപ്പല്‍ ഭീമന്‍ കനാലില്‍ കുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജലപാതയില്‍ കൂടിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. 370ഓളം കപ്പലുകള്‍ കനാലിന്റെ ഇരുഭാഗത്തും കുടങ്ങി. ഇവയില്‍ പലതും തെക്കേ ആഫ്രിക്കന്‍ മേഖലയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

കനാലിലൂടെയുള്ള യാത്ര സാധാരണമാവാന്‍ മൂന്ന് ദിവസം വരെ വേണ്ടി വന്നേക്കുമെന്ന് സൂയസ് കനാല്‍ അധികൃതര്‍ വ്യക്തമാക്കി. പ്രതിദിനം 100 കപ്പലുകള്‍ക്ക് കനാലിലൂടെ യാത്ര നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടന്‍ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

പെട്ടെന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കനാലിന് ഏകദേശം കുറുകെയാണ് എവര്‍ഗിവണ്‍ നിലയുറപ്പിച്ചിരുന്നത്. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. എവര്‍ ഗ്രീന്‍ എന്ന തായ്വാന്‍ കമ്പനിയുടെ എവര്‍ ഗിവണ്‍ എന്ന കപ്പലിന് നാല് ഫുട്‌ബോള്‍ ഫീല്‍ഡിനേക്കാളും നീളമുണ്ട് (400 മീറ്റര്‍).

193 കി.മീ നീളമുള്ള സൂയസ് കനാലിന് കുറുകെയാണ് ചൊവ്വാഴ്ച മുതല്‍ ഈ ചരക്കുക്കപ്പല്‍ കുടുങ്ങിയത്. ഇതോടെ കനാലിന് ഇരുഭാഗത്തുനിന്നുമുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയായിരുന്നു. ക്രൂഡ് ഓയില്‍ അടക്കം കോടിക്കണക്കിന് ബില്ല്യണ്‍ വിലമതിക്കുന്ന ചരക്കുകളാണ് എവര്‍ ഗിവണിലും പിന്നാലെ കുടുങ്ങിയ കപ്പലിലുമുള്ളത്. കപ്പലിലുള്ള 25 ക്രൂ അംഗങ്ങളും ഇന്ത്യാക്കാരാണ്.

‘എവര്‍ ഗിവണ്‍’ തടസ്സം നീക്കി മുന്നോട്ടു പോയെങ്കിലും കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ കുടുങ്ങുമെന്നാണ് സൂചന. കപ്പലില്‍ ഉണ്ടായിരുന്ന 25 ഓളം ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് നേരെ സൂയസ് കനാല്‍ അതോറിറ്ററ്റിയുടെ ഭാഗത്തുനിന്ന് നിയമ നടപടി ഉണ്ടായേക്കും. ക്രിമിനല്‍ കുറ്റങ്ങള്‍ അടക്കം ഇവര്‍ക്കെതിരെ ചുമത്താന്‍ സാധ്യതയുണ്ട്. ഇതു മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാരും നാവികരുടെ സംഘടനകളും ചര്‍ച്ച തുടരുകയാണ്.

ക്യാപ്റ്റനും ഏതാനും ജീവനക്കാര്‍ക്കും യാത്രാ വിലക്ക് അടക്കം വന്നേക്കുമെന്നാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് ലഭിക്കുന്ന സൂചന. അപകടത്തെ കുറിച്ച് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇവരെ രാജ്യം വിട്ടു പോകാന്‍ ഈജിപ്ത് അനുവദിച്ചേക്കില്ല. എന്നാല്‍ ജീവനക്കാര്‍ നേരിടേണ്ടി വരുന്ന നിയമനടപടിയെകുറിച്ച് കപ്പല്‍ കമ്പനിയാകട്ടെ ഒന്നും പ്രതികരിക്കുന്നുമില്ല. ജീവനക്കാരെ ബലിയാടാക്കി തലയൂരാനുള്ള ശ്രമമാണ് കമ്പനിയുടേതെന്നും വിമര്‍ശനമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.