1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2021

സ്വന്തം ലേഖകൻ: സൂയസ് കനാലില്‍ ഭീമന്‍ ചരക്കുക്കപ്പല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ജലഗതാഗതം ഒരാഴ്ചയോളം സംഭിച്ച സംഭവത്തില്‍ നൂറ് കോടി അമേരിക്കന്‍ ഡോളര്‍ (ഏകദേശം 7300 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്. ട്രാന്‍സിറ്റ് ഫീസുമായി ബന്ധപ്പെട്ട നഷ്ടം, ഡ്രെഡ്ജിംഗ്, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍, ഉപകരണങ്ങളുടെ വില, മനുഷ്യ അധ്വാനം എന്നിവ കണക്കാക്കിയുള്ള ഏകദേശ തുകയാണിതെന്ന് സൂയസ് കനാല്‍ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഒസാമ റാബി പറഞ്ഞു.

എന്നാല്‍ ആരില്‍നിന്നാണ് നഷ്ടപരിഹാരം ഈടാക്കുക എന്ന കാര്യത്തില്‍ സൂയസ് കനാല്‍ അതോറിട്ടി അധ്യക്ഷന്‍ വ്യക്തത വരുത്തിയിട്ടില്ല. ഇത് രാജ്യത്തിന്റെ അവകാശമാണെന്ന് പറഞ്ഞ ഒസാമ റാബി സംഭവം ഈജിപ്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും പറഞ്ഞു. എവര്‍ ഗ്രീന്‍ എന്ന തായ്വാന്‍ കമ്പനിയുടേതാണ് എവര്‍ഗിവണ്‍ എന്ന കപ്പല്‍. നേരത്ത, കപ്പലിലെ ചരക്ക്, വൈകുന്നതില്‍ ഉത്തരവാദിത്വമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

കപ്പല്‍ കനാലില്‍ കുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജലപാതയില്‍ കൂടിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. 370ഓളം കപ്പലുകള്‍ കനാലിന്റെ ഇരുഭാഗത്തും കുടങ്ങി. ഇവയില്‍ പലതും തെക്കേ ആഫ്രിക്കന്‍ മേഖലയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഒരാഴ്ചത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തിങ്കളാഴ്ചയാണ് കപ്പല്‍ രക്ഷപെടുത്തിയത്.

കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകള്‍, ടഗ്ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പല്‍ പൂര്‍ണമായും നീക്കാനായത്. സൂയസ് കനാല്‍ അധികൃതര്‍, ഡച്ച് സ്ഥാപനമായ സ്മിത് സാവേജ് എന്നിവര്‍ സംയുക്തമായാണ് കപ്പല്‍ നീക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടത്. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കപ്പല്‍ രക്ഷാപ്രവര്‍ത്തനമായി മാറി ഏവര്‍ ഗിവണിനെ നീക്കാനുള്ള ശ്രമം.

ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. കപ്പലിന് നാല് ഫുട്ബോള്‍ ഫീല്‍ഡിനേക്കാളും നീളമുണ്ട് (400 മീറ്റര്‍). 193 കി.മീ നീളമുള്ള സൂയസ് കനാലിന് കുറുകെയാണ് ചൊവ്വാഴ്ച മുതല്‍ ചരക്കുക്കപ്പല്‍ കുടുങ്ങിയത്. ഇതോടെ കനാലിന് ഇരുഭാഗത്തുനിന്നുമുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയായിരുന്നു. കപ്പലിലുള്ള 25 ക്രൂ അംഗങ്ങളും ഇന്ത്യാക്കാരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.