1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2021

സ്വന്തം ലേഖകൻ: ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക്. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു . ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എവര്‍ഗിവണ്‍ ചൊവ്വാഴ്ച രാവിലെയാണ് സൂയസ് കനാലില്‍ കുടുങ്ങിയത്. ഇതോടെ 450-ഓളം കപ്പലുകളുടെ യാത്രയ്ക്കാണ് തടസ്സം നേരിട്ടത്.

എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടൻ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പെട്ടെന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കനാലിന് ഏകദേശം കുറുകെയാണ് എവര്‍ഗിവണ്‍ നിലയുറപ്പിച്ചിരുന്നത്. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍.

എവര്‍ ഗ്രീന്‍ എന്ന തായ്വാന്‍ കമ്പനിയുടെ എവര്‍ ഗിവണ്‍ എന്ന കപ്പലിന് നാല് ഫുട്ബോള്‍ ഫീല്‍ഡിനേക്കാളും നീളമുണ്ട്(400 മീറ്റര്‍). 193 കി.മീ നീളമുള്ള സൂയസ് കനാലിന് കുറുകെയാണ് ചൊവ്വാഴ്ച മുതല്‍ ഈ ചരക്കുക്കപ്പല്‍ കുടുങ്ങിയത്. ഇതോടെ കനാലിന് ഇരുഭാഗത്തുനിന്നുമുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയായിരുന്നു. ക്രൂഡ് ഓയില്‍ അടക്കം കോടിക്കണക്കിന് ബില്ല്യണ്‍ വിലമതിക്കുന്ന ചരക്കുകളാണ് എവര്‍ ഗിവണിലും പിന്നാലെ കുടുങ്ങിയ കപ്പലിലുമുള്ളത്. കപ്പലിലുള്ള 25 ക്രൂ അംഗങ്ങളും ഇന്ത്യാക്കാരാണ്.

കപ്പലിലെ ചരക്ക് നീക്കം ചെയ്ത് ഭാരം കുറച്ച് കപ്പല്‍ നീക്കുക, ടഗ്ഗ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലിനെ വലിച്ചകത്തുക, മണ്ണുമാന്തി കപ്പലുകളുപയോഗിച്ച് ചളിയിലേക്ക് ഇടിച്ചുകയറി നില്‍ക്കുന്ന കപ്പലിന്റെ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുക തുടങ്ങിയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെയാണ് ബ്ലോക്ക് ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്.

എവര്‍ ഗിവണ്‍ കുടുങ്ങിയതിനു പിന്നില്‍ സാങ്കേതിക പ്രശ്‌നങ്ങളുടേയും ക്രൂ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളുടേയും സാധ്യത തള്ളിക്കളയാനാവില്ലെന്ന് സൂയസ് കനാല്‍ അതോറിറ്റി ചീഫ് ഒസാമ റാബി വ്യക്തമാക്കി. പ്രധാന പാതയായ സൂയസ് കനാലില്‍ എവര്‍ ഗിവണ്‍ വഴിമുടക്കിയതോടെ കപ്പലുകൾ തെക്കേ ആഫ്രിക്കയുടെ കേപ് ഓഫ് ഗുഡ് ഹോപ്പ് മുനമ്പ് വഴി പോകാൻ ശ്രമിച്ചിരുന്നു.

എന്നാൽ ഈ മേഖലയില്‍ കൂടിയുള്ള യാത്ര ചെലവേറിയതും കാലതാമസം ഉണ്ടാക്കുന്നതുമാണ് എന്നതാണ് ഷിപ്പിംഗ് കമ്പനികളെ കുഴക്കുന്നത്. ഈ മേഖലയിൽ സജീവമായ കടൽക്കൊള്ളക്കാരുടെ ഭീഷണി പുറമെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.