
സ്വന്തം ലേഖകൻ: ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എവർ ഗിവൺ’ സൂയസ് കനാലിൽ കുടുങ്ങിപ്പോയതുമൂലം നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണു തടസ്സപ്പെട്ടിരിക്കുന്നതെന്നു ഷിപ്പിങ് വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിൽ ഗണ്യമായ ഒരു വിഹിതം ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള ഉൽപന്നങ്ങളാണ്. അതേസമയം, ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയെ സൂയസിലെ തടസ്സം കാര്യമായി ബാധിക്കില്ലെന്ന് ആശ്വസിക്കാം.
ഗതാഗതത്തിനു കനാൽ സജ്ജമാക്കാൻ വൈകിയാൽ കയറ്റിറക്കുമതി രംഗങ്ങളിൽ കടുത്ത പ്രതിസന്ധിക്കാണു സാധ്യത. കപ്പൽ നിരക്കുകൾ വൻതോതിൽ വർധിക്കുമെന്നു മാത്രമല്ല കണ്ടെയ്നർ ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നും ഈ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. നിശ്ചിത സമയത്തു ലക്ഷ്യത്തിലെത്തിക്കേണ്ട ചില ചരക്കുകളുടെ നീക്കവും തടസ്സപ്പെട്ടിരിക്കുകയാണ്. ഇവ തിരസ്കരിക്കപ്പെടുമെന്നതും തിരിച്ചടിയാകും.
രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിൽ ഗതാഗതം മുടക്കിയ ഭീമൻ ചരക്കുക്കപ്പൽ വലിച്ചുനീക്കാനുള്ള തീവ്രശ്രമം തുടരുന്നു. കനത്ത കാറ്റിൽ ചൊവ്വാഴ്ച രാവിലെയാണു 400 മീറ്റർ നീളമുള്ള ചരക്കുക്കപ്പൽ കടൽപാതയ്ക്കു കുറുകെ കുടുങ്ങിയത്. ഇതു ചൈനയിൽനിന്നു റോട്ടർഡാമിലേക്കു പോകുകയായിരുന്നു. തയ്വാനിലെ എവർഗ്രീൻ മറീൻ എന്ന കമ്പനിയുടേതാണ് ഗോൾഡൻ ക്ളാസ് വിഭാഗത്തിൽപ്പെട്ട കപ്പൽ.
പ്രതികൂല കാലാവസ്ഥ തുടരുന്നതു മൂലം രക്ഷാപ്രവർത്തനം ആഴ്ചകളോളം നീണ്ടേക്കാം. കപ്പലിന്റെ മുൻഭാഗത്തിനു കീഴെ 20,000 ക്യുബിക് മീറ്റർ മണലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടുന്ന ഡ്രജിങ് പൂർത്തിയായാലുടൻ കപ്പൽ വലിച്ചുനീക്കുന്ന ദൗത്യം പുനരരാംഭിക്കുമെന്ന് സൂയസ് കനാൽ അതോറിറ്റി അറിയിച്ചു.
യുഎസ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുർക്കിയും രക്ഷാദൗത്യത്തിനു സന്നദ്ധത പ്രകടിപ്പിച്ചു. കപ്പലിന്റെ മുൻഭാഗം കനാലിന്റെ കിഴക്കൻ മതിലിലും വാലറ്റം പടിഞ്ഞാറൻ മതിലും കുരുങ്ങിക്കിടക്കുന്ന അസാധാരണ സാഹചര്യമാണുള്ളത്. കനാലിന്റെ 150 വർഷ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമാണ്.
ഇന്ത്യയിലേക്ക് 200 ബില്യൺ യു.എസ് ഡോളറിന്റെ ചരക്കുകൾ എത്തുന്നത് സൂയസ് കനാൽ വഴിയാണ്. ഈ സാഹചര്യത്തിൽ സൂയസ് കനാലിൽ കപ്പൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ നാലിന പദ്ധതിയുമായി ഇന്ത്യയും രംഗത്തുണ്ട്. ചരക്കുകളെ പ്രാധാന്യത്തിനനുസരിച്ച് തരം തിരിക്കുക, ചരക്ക് കൂലി നിയന്ത്രിക്കുക, തുറമുഖങ്ങൾക്ക് മുന്നറിയിപ്പ് നൽകൽ, കപ്പലുകളെ വഴിതിരിച്ച് വിടൽ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ നാലിന പദ്ധതി.
രാജ്യത്തേക്കുള്ള വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യുറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ചരക്കുകൾ ഇന്ത്യയിലേക്ക് സൂയസ് കനാൽ വഴി എത്തുന്നത്. പെട്രോളിയം ഉൽപന്നങ്ങൾ, ഓർഗാനിക് കെമിക്കൽസ്, ഇരുമ്പ്, സ്റ്റീൽ, ഓട്ടോമൊബൈൽ, തുണിത്തരങ്ങൾ, ഫർണീച്ചർ, തുകൽ ഉൽപന്നങ്ങൾ എന്നിവയെല്ലാമാണ് സൂയസ് കനാൽ വഴി എത്തുന്നത്.
കപ്പലുകളെ ഗുഡ്ഹോപ് മുനമ്പിലൂടെ വഴിതിരിച്ച് വിടുന്നതടക്കമുള്ള പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ നാലിന പദ്ധതി. വ്യവസായ വകുപ്പിന്റെ ലോജിസ്റ്റിക് ഡിവിഷണാണ് ഇതിനുള്ള പദ്ധതി തയാറാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല