1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2016

സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ അഭിഭാഷകരേയും മാധ്യമ പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം, 70 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലുള്ള സിവില്‍ ആശുപത്രിയിലായിരുന്നു ചാവേര്‍സ്‌ഫോടനം.

വെടിയേറ്റുമരിച്ച ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിലാല്‍ അന്‍വര്‍ കാസിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അത്യാഹിതവിഭാഗത്തിലേക്കു കൊണ്ടുവരുമ്പോള്‍ വെടിയുതിര്‍ത്തതിനു പിന്നാലെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അഡ്വ. ബിലാലിന്റെ സഹപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഈ സമയം ആശുപത്രിയില്‍ തടിച്ചുകൂടിയിരുന്നു. ഇന്നലെ രാവിലെയാണു ബിലാലിനു വെടിയേറ്റത്. ചാവേര്‍സ്‌ഫോടനം ഉച്ചതിരിഞ്ഞും. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രികി താലിബാന്‍ പാക്കിസ്ഥാന്റെ ഒരു വിഭാഗമായ ജമാഅത് ഉല്‍ അഹാര ഏറ്റെടുത്തു.

സ്‌ഫോടനത്തിനു പിന്നാലെ ആശുപത്രിയിലെ അത്യാഹിതവിഭാഗം പുകപടലംകൊണ്ടു നിറഞ്ഞു. നിരവധി മൃതദേഹങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ ഫ്രോണ്ടിയര്‍ സേനയുടെ ഒരു വ്യൂഹവും പോലീസും ആശുപത്രി വളഞ്ഞു. ചാവേറാക്രമണമാണെന്നും ഏകദേശം എട്ടു കിലോ സ്‌ഫോടക വസ്തുക്കള്‍ ഇതിനായി ഉപയോഗിച്ചുവെന്നും പോലീസ് പറഞ്ഞു.

ഇന്നലെ നഗരത്തിലെ മുഖ്യ കോടതിസമുച്ചയത്തിലേക്കു വരുമ്പോഴാണു പ്രമുഖ അഭിഭാഷകന്‍കൂടിയായ അഡ്വ.ബിലാല്‍ കാസിക്ക് വെടിയേറ്റത്. മൃതദേഹം കൊണ്ടുവന്നതോടെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ആശുപത്രിയില്‍ തടിച്ചുകൂടുകയായിരുന്നു.

സമീപനാളുകളില്‍ പാക്കിസ്ഥാനില്‍ നടന്ന രണ്ടാമത്തെ വലിയ ചാവേറാക്രമണമാണിത്. ഈസ്റ്റര്‍ദിനത്തില്‍ ലഹോറിലെ പാര്‍ക്കിലുണ്ടായ സ്‌ഫോടനത്തില്‍ 75 പേരാണു കൊല്ലപ്പെട്ടത്. ക്വറ്റ ചാവേറാക്രമണത്തെ പ്രധാനമന്ത്രി നവാസ് ഷരീഫും പ്രസിഡന്റ് മാംനൂണ്‍ ഹുസൈനും ശക്തമായി അപലപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.