സ്വന്തം ലേഖകൻ: ശുക്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ദൗത്യമായ ശുക്രയാൻ 1-ന്റെ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചു. 2028 മാര്‍ച്ച് 29-ന് വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ അറിയിച്ചു. പേടകം ശുക്രനിലെത്താന്‍ 112 ദിവസങ്ങളെടുക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ശുക്രയാൻ 2024 ഡിസംബറില്‍ വിക്ഷേപിക്കാനായിരുന്നു ആലോചന. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ മൂലം പദ്ധതി നീട്ടുകയായിരുന്നു.
ഓരോ 19 മാസത്തിനും ഇടയിലാണ് ശുക്രന്‍ ഭൂമിയോട് അടുത്ത് വരിക. ഈ ഘട്ടത്തിലാണ് ശുക്രനിലേക്കുള്ള പര്യവേക്ഷണ വാഹനം വിക്ഷേപിക്കാന്‍ അനുയോജ്യമായ ‘ഒപ്റ്റിമല്‍ ലോഞ്ച് വിന്‍ഡോ’ ലഭിക്കുക. ഇത്തരത്തില്‍ 2024 ഡിസംബറിലെ ലോഞ്ച് വിന്‍ഡോയിലാണ് ശുക്രയാന്‍ വിക്ഷേപിക്കാനിരുന്നത്. നേരത്തെ 2023 തുടക്കത്തില്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ടെങ്കിലും കോവിഡ് പോലുള്ള പ്രതിസന്ധികള്‍ മൂലം ഇത് 2024ലേക്ക് നീട്ടുകയായിരുന്നു.
ചന്ദ്രനിലെ ജലസാന്നിധ്യവും ചൊവ്വയുടെ രഹസ്യങ്ങളും കണ്ടെത്തിയ നേട്ടങ്ങളുടെ പിന്‍ബലത്തിലാണ് ഭൂമിയോട് തൊട്ടടുത്തുള്ള ശുക്രനിലേക്ക് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. പ്രധാനമായും ശുക്രനിലെ അന്തരീക്ഷത്തെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചും പഠിക്കുകയാണ് ശുക്രയാന്റെ ലക്ഷ്യം. ഗ്രഹത്തിലെ പര്‍വതങ്ങളുടെ ഘടന, അഗ്‌നിപര്‍വതങ്ങള്‍, സ്ഥിരമായി പെയ്യുന്ന ആഡിസ് മഴ, കാറ്റിന്റെ വേഗത, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം, അന്തരീക്ഷ ഉപരിപാളിയായ അയണോസ്ഫിയറില്‍ സൗരവാതങ്ങളുടെ പ്രഭാവം തുടങ്ങിയവയേക്കുറിച്ചും ശുക്രയാന്‍ പഠിക്കും.
മുമ്പ് ശുക്രനിലേക്ക് സോവിയറ്റ് യൂണിയന്‍ അയച്ച പല ലാന്‍ഡര്‍ ദൗത്യങ്ങളും അവസാന നിമിഷത്തില്‍ പരാജയപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ ഇന്ത്യയുടെ ശുക്രയാന്‍ ഒരു ഓര്‍ബിറ്റര്‍ ദൗത്യമാണ്. അതായത് പേടകം ശുക്രനില്‍ ഇറങ്ങില്ല. മറിച്ച് ശുക്രന്റെ അന്തരീക്ഷത്തിലൂടെ ചുറ്റി സഞ്ചരിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഈ വിവരങ്ങളിലൂടെ ശുക്രനെ പഠിക്കാന്‍ സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍.
സോവിയറ്റ് യൂണിയന്‍, അമേരിക്ക, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ജപ്പാന്‍ എന്നിവര്‍ മാത്രമാണ് ഇതുവരെ ശുക്രനിലേക്ക് പര്യവേക്ഷണം നടത്തിയിട്ടുള്ളത്. ശുക്രയാന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇക്കൂട്ടത്തിലേക്കുള്ള അഞ്ചാമത്തെ ബഹിരാകാശ ഏജന്‍സിയായി ഐഎസ്ആര്‍ഒ മാറും.
വലിപ്പംകൊണ്ടും രൂപംകൊണ്ടും ഭൂമിയോട് ഏറെ സാമ്യമുള്ളതിനാല്‍ ഭൂമിയുടെ ഇരട്ടയെന്ന വിശേഷണം ശുക്രനുണ്ട്. ചൊവ്വയെക്കാള്‍ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹവും ഇതുതന്നെ. ഏകദേശം അഞ്ചു കോടി കിലോമീറ്ററാണ് ഭൂമിയില്‍നിന്ന് ശുക്രനിലേക്കുള്ള ദൂരം. പ്രഭാത നക്ഷത്രമെന്നും സാന്ധ്യ നക്ഷത്രമെന്നും ശുക്രന് വിളിപ്പേരുണ്ട്. ശാസ്ത്രം പുരോഗമിച്ചിട്ടില്ലാത്ത പ്രാചീന കാലത്ത് ഇതിനെ ഒരു നക്ഷത്രമായാണ് ആളുകള്‍ ധരിച്ചിരുന്നത്. അതാണ് ഈ പേരുകള്‍ ഈ ഗ്രഹത്തിന് ലഭിക്കാനിടയായത്.
മേഘാവൃതമായതും കട്ടികൂടിയതുമായ അന്തരീക്ഷമാണ് ശുക്രനുള്ളത്. ഈ പ്രത്യേകതകൊണ്ട് ഗ്രഹത്തില്‍ എത്തുന്ന 70 ശതമാനം സൂര്യപ്രകാശത്തെയും അത് പ്രതിഫലിപ്പിക്കുന്നു. ശുക്രന്റെ വലിയ തിളക്കത്തിന് കാരണം ഇതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല