
സ്വന്തം ലേഖകൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഞായറാഴ്ച സൗദി അറേബ്യ സന്ദർശിക്കും. അധികാരമേറ്റെടുത്ത ശേഷമുള്ള സുൽത്താന്‍റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
ചരിത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് സന്ദർശനം. ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് ഒത്തുള്ളതും പൊതുതാൽപര്യങ്ങളുടെ വളർച്ചക്ക് സഹായകരമായതുമായ സഹകരണ സാധ്യതകൾ സുൽത്താന്‍റെ സന്ദർശനത്തിൽ ചർച്ച ചെയ്യുമെന്നും ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.
പ്രതിരോധ കാര്യങ്ങൾക്കുള്ള ഡെപ്യൂട്ടി ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് അടക്കം ഉന്നതതല സംഘവും സുൽത്താനെ സൗദി അറേബ്യയിലേക്ക് അനുഗമിക്കും. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപക പങ്കാളിത്തം രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ പുതിയ തലത്തിലേക്ക് ഉയരുമെന്ന് ഒമാൻ ഔദ്യോഗിക വാർത്ത ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഒമാൻ വിഷൻ 2040, കിങ്ഡം 2030 പദ്ധതികൾ മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സഹകരണം. സാമ്പത്തിക വൈവിധ്യവത്കരണം മുൻനിർത്തിയുള്ള പദ്ധതികൾക്ക് വലിയ തോതിലുള്ള നിക്ഷേപസാധ്യതകളാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിലെയും സൗദിയിലെയും സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ മേഖല പ്രതിനിധികളും കഴിഞ്ഞ ദിവസങ്ങളിൽ സംയുക്തമായി സാമ്പത്തിക സഹകരണത്തിെൻറയും സംയുക്ത നിക്ഷേപത്തിെൻറയും മേഖലകളുടെ രൂപരേഖ തയാറാക്കിയിരുന്നു. സഹകരണം വർധിപ്പിക്കുന്നതിന് മന്ത്രിതല, അണ്ടർ സെക്രട്ടറി തല മേൽനോട്ടത്തിൽ പബ്ലിക്-പ്രൈവറ്റ് സെക്ടർ കമ്മിറ്റിക്കും ഇരു രാഷ്ട്രങ്ങളും ചേർന്ന് രൂപം നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല