1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2022

സ്വന്തം ലേഖകൻ: വാഹനങ്ങള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറക്കാന്‍ നിരവധി നിര്‍ദേശങ്ങളുമായി അബൂദബി പൊലീസ്. യു.എ.ഇയില്‍ അടുത്തമാസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനല്‍കാലം കടന്നുവരുന്ന സാഹചര്യത്തിലാണ് വാഹനം ഉപയോഗിക്കുന്നവര്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

വേനല്‍കാലത്ത് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. വാഹനം ഉപയോഗിക്കുന്നവരുടെ അശ്രദ്ധയാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും ചൂണ്ടിക്കാട്ടുന്നു.

വാഹനത്തിനുള്ളില്‍ പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള ഇന്ധനങ്ങള്‍, ദ്രാവകങ്ങള്‍, എണ്ണകള്‍, ഉരുകിയൊലിച്ച് തീപിടിക്കുന്ന റബ്ബര്‍, പ്ലാസ്റ്റിക്ക് ഉപകരണങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതാണ് തീപിടുത്തത്തിന് പ്രധാന കാരണങ്ങളിലൊന്ന്.

വാഹനം സമയബന്ധിതമായി അറ്റകുറ്റപണികള്‍ നടത്താത്തത് തീപിടുത്തത്തിലേക്ക് നയിക്കുന്ന മറ്റൊരു കാരണമാണ്. ശരിയായി സ്ഥാപിക്കാത്ത യന്ത്രഭാഗങ്ങള്‍ ഉരഞ്ഞും തീപിടുത്തമുണ്ടാകും. അംഗീകൃത വര്‍ക്ക്‌ഷോപ്പുകളില്‍ വണ്ടി അറ്റകുറ്റപണി നടത്താനും ശ്രദ്ധിക്കണം.

അനുമിതിയില്ലാത്തതും വാഹനവുമായി യോജിക്കാത്തതുമായ ഇലക്ട്രിക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. വാഹനത്തിനുള്ളില്‍ ബാറ്ററിയുമായി ഘടിപ്പിച്ച് ഉപയോഗിക്കുന്ന ചാര്‍ജര്‍ പോലുള്ളവ ആവശ്യമില്ലാത്ത സമയങ്ങളില്‍ വിച്ഛേദിക്കാതെ പോകുന്നതും അപകടരമാണ്.

ചില ഹാന്‍ഡ് സാനിറ്റൈസറുകളും വെയിലത്ത് ചൂടുപിടിച്ചാല്‍ കത്തിപിടിക്കാന്‍ സാധ്യതയുണ്ടെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ കേണല്‍ എന്‍ജിനീയര്‍ സാലിം ഹാഷിം അല്‍ ഹബാഷി, അബൂദബി പൊലീസിന്റെ ക്രിമിനല്‍ എവിഡന്‍സ് ഫയര്‍ വിഭാഗം മേധാവി ഡോ. എന്‍ജിനീയര്‍ ആദില്‍ നാസിബ് അല്‍ സഖ്‌റി എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.