1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2018

സ്വന്തം ലേഖകന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഗൂഗിള്‍. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കമ്പനിയുടെ നയങ്ങളും തത്വങ്ങളും വ്യക്തമാക്കുന്നത്. ഇങ്ങനെ ശക്തമായൊരു സാങ്കേതിക വിദ്യ അതിന്റെ ഉപയോഗം സംബന്ധിച്ച ശക്തമായ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ടെന്ന് പിച്ചൈ വ്യക്തമാക്കുന്നു.

നിര്‍മിതബുദ്ധി എങ്ങനെ വികസിപ്പിക്കുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നത് സമൂഹത്തില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്നതാണ്. നിര്‍മിതബുദ്ധിയിലെ മുന്‍നിരക്കാരെന്ന നിലയില്‍ ഇത് ശരിയായ നിലയിലാവേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. മുന്നോട്ടുള്ള ഞങ്ങളുടെ പ്രയാണത്തിന് ഞങ്ങള്‍ ഏഴ് തത്വങ്ങള്‍ പ്രഖ്യാപിക്കുകയാണെന്ന് പിച്ചൈ പറഞ്ഞു.

സാമൂഹികമായി ഉപകാരപ്രദമായ,ഗുണകരമല്ലാത്ത പക്ഷപാതിത്വങ്ങളില്ലാത്ത, സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ, ജനങ്ങളോട് ഉത്തരവാദിത്വമുള്ള, സ്വകാര്യതാ തത്വങ്ങളുമായി ഒത്തുപോവുന്ന, ശാസ്ത്രീയമായി മികച്ച് നില്‍ക്കുന്ന നിര്‍മിതബുദ്ധി ഉപയോഗമായിരിക്കും ഗൂഗിള്‍ പ്രോത്സാഹിപ്പിക്കുക.

ആയുധങ്ങളില്‍ ഉപയോഗിക്കുന്നതിനായി നിര്‍മിത ബുദ്ധി വികസിപ്പിക്കില്ലെന്നും അതിന് വേണ്ടി ഭരണകൂടവുമായി സൈന്യവുമായും സഹകരിക്കില്ലെന്നും ഗൂഗിള്‍ സിഇഓ വ്യക്തമാക്കി. എന്നാല്‍ സൈബര്‍ സുരക്ഷ, പരിശീലനം, മിലിറ്ററി റിക്രൂട്ട്‌മെന്റ്, ആരോഗ്യപരിപാലനം, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നീ മേഖലകളില്‍ സൈന്യവുമായി സഹകരിക്കും.

ഈ തത്വങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഭാവിയില്‍ ഗൂഗിള്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയെന്നും ഈ തത്വങ്ങള്‍ കമ്പനിയുടെ ശരിയായ അടിത്തറയാവുമെന്നാണ് വിശ്വസിക്കുന്നതെന്നും പിച്ചൈ ബ്ലോഗ് പോസ്റ്റില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.