1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2021

സ്വന്തം ലേഖകൻ: ചാമ്പ്യൻസ് ലീഗിന് ബദലായി വമ്പൻ ക്ലബുകളുടെ നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന സൂപ്പർ ലീഗിനെ ചൊല്ലി യൂറോപ്യന്‍ ഫുട്ബോളില്‍ രാഷ്ട്രീയ വടംവലി. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും ഉള്‍പ്പടെ 12 ക്ലബുകള്‍ ചേര്‍ന്ന് സൂപ്പർ ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിഫയുടേയും യുവേഫയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സൂപ്പര്‍ ക്ലബുകള്‍ മുന്നോട്ടു പോവുന്നതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ ക്ലബുകളും പിന്തുണ അറിയിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്ക്, പിഎസ്‌ജി എന്നിവരും സൂപ്പർ ലീഗിൽ ചേർന്നേക്കുമെന്നാണ് സൂചന. കൂടുതൽ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് ക്ലബുകൾ സൂപ്പർ ലീഗ് തുടങ്ങുന്നത്. 20 ടീമുകളെയാണ് സൂപ്പർ ലീഗിൽ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ വിലക്കുമെന്ന് യുവേഫയും ഫിഫയും വ്യക്തമാക്കിയിട്ടുണ്ട്. ലീഗിന്‍റെ പേരില്‍ ക്ലബുകള്‍ക്കെതിരെ അസോസിയേഷനുകളും രംഗത്തെത്തി. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് കുഞ്ഞന്‍ ക്ലബുകളെ സാമ്പത്തികമായി തകര്‍ക്കുമെന്ന ആശങ്കയും സജീവമാണ്.

സൂപ്പര്‍ ലീഗിന്റെ വാര്‍ത്ത വലിയ പൊട്ടിത്തെറിയാണ് ഫുട്ബോള്‍ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ നിയമങ്ങള്‍ക്ക് എതിരാണെന്നും സൂപ്പര്‍ ലീഗില്‍ നിന്ന് മാറിനില്‍ക്കണമെന്നും പ്രീമിയര്‍ ലീഗ് ക്ലബ്ബുകളോട് അവരുടെ ഭരണാധികാരികള്‍ ആവശ്യപ്പെട്ടു.

പുതിയ യൂറോപ്യൻ സൂപ്പർ ലീഗ് “നിലവിൽ നിർദ്ദേശിക്കപ്പെടുന്ന രീതിയിൽ മുന്നോട്ട് പോകുന്നില്ല” എന്ന് ഉറപ്പാക്കാൻ സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ ടൂർണമെൻ്റ് “ഫുട്ബോളിന് വളരെ ദോഷകരമാണ്” എന്നും ജോൺസൺ കൂട്ടിച്ചേർത്തു.

ഈ നീക്കത്തെ എതിർക്കുന്ന യുവേഫയും ഫിഫയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു: “ഇത് ആരാധകർക്കും ക്ക് ഒരു സന്തോഷ വാർത്തയാണെന്ന് ഞാൻ കരുതുന്നില്ല, ഈ രാജ്യത്തെ ഫുട്ബോളിന് ഇത് ഒരു നല്ല വാർത്തയാണെന്ന് ഞാൻ കരുതുന്നില്ല” എന്നായിരുന്നു ജോൺസൻ്റെ വാക്കുകൾ.

ചാമ്പ്യൻസ് ലീഗിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നതിനുമുമ്പ് ആറ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ അവരുടെ ആരാധകരോട് സമാധാനം പറയണമെന്നും ജോൺസൺ പറഞ്ഞു. പത്ത് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പായിട്ടാണ് സൂപ്പർ ലീഗ് നടക്കുക. ആഭ്യന്തര ലീഗുകളിലെ മത്സരം നഷ്ടമാകാത്ത രീതിയില്‍. 4.8 ബില്യണ്‍ യുഎസ് ഡോളറാണ് വാര്‍ഷിക വരുമാനമായി ലീഗില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.