1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2021

സ്വന്തം ലേഖകൻ: 15 സൂപ്പർസോണിക് ജെറ്റുകൾ വാങ്ങാനുള്ള പദ്ധതി അമേരിക്കയിലെ യുനൈറ്റഡ് എയർലൈൻസ് പ്രഖ്യാപിച്ചതോടെ വിമാന യാത്ര ഇനി കൂടുതൽ വേഗത്തിലാകും. 2029ഓടെ സൂപ്പർ സോണിക്​ വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. 2003ൽ കോൺകോർഡ് ജെറ്റ് നിർത്തലാക്കിയശേഷം ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് ഫ്ലൈറ്റുകളാണ്​ യുനൈറ്റഡ്​ എയർലൈൻസ്​ സ്വന്തമാക്കുന്നത്​.

ഡെൻവർ ആസ്ഥാനമായുള്ള വിമാന നിർമാതാക്കളായ ബൂം സൂപ്പർസോണിക്കിൽ നിന്ന് 15 ജെറ്റുകൾ യുനൈറ്റഡ് എയർലൈൻസ് വാങ്ങും. ഈ വിമാനങ്ങളുടെ പരീക്ഷണഓട്ടം 2026ഓടെ നടത്തും. 2029ൽ ഇവ യാത്രക്കാരെ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തിന് ഓവർച്വർ എന്നാണ് പേരിട്ടിരിക്കുന്നത്​.

നേരത്തെ കോൺകോർഡ്​ സൂപ്പർസോണിക്​ വിമാനങ്ങൾ യാത്രക്കാരുമായി സർവിസ്​ നടത്തിയിരുന്നെങ്കിലും ശബ്​ദനിയന്ത്രണങ്ങളടക്കം വന്നതോടെ 2003ൽ കമ്പനി​ നിർത്തലാക്കുകയായിരുന്നു. എന്നാൽ, പുതിയ സാ​ങ്കേതിക വിദ്യയുമായിട്ടാണ്​ ഓവർച്വർ വിമാനങ്ങൾ വരുന്നത്​. നിലവി​ലെ വിമാനങ്ങളുടെ ഇരട്ടിവേഗമാണ്​ ഇതിനുണ്ടാവുക.

3.5 മണിക്കൂറിനുള്ളിൽ ന്യയോർക്ക്​, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്ക് പറന്നെത്താൻ കഴിയും. ന്യൂയോർക്കിൽനിന്ന്​ ഫ്രാങ്ക്ഫർട്ടിലേക്ക്​ നാല്​ മണിക്കൂറും സാൻ ഫ്രാൻസിസ്കോയിൽനിന്ന് ടോക്യയോയിലേക്ക്​ ആറ്​ മണിക്കൂറുമാണ്​ വേണ്ടിവരിക. ഇതോടെ യാത്രാസമയം ഗണ്യമായി കുറക്കാൻ സാധിക്കും. ഇത്​ കൂടാതെ സീറോ കാർബൺ എമിഷനായതിനാൽ അന്തരീക്ഷം മലിനീകരണത്തിൻെറ പ്രശ്​നവുമില്ല.

വാണിജ്യടിസ്​ഥാനത്തിലുള്ള സൂപ്പർസോണിക് വിമാന യാത്രകൾ 1970കളിൽ കോൺകോർഡാണ്​ അവതരിപ്പിച്ചത്​. എന്നാൽ, പാരിസ്ഥിതിക നിയന്ത്രണങ്ങൾ പാലിക്കാനുള്ള ഉയർന്ന ചെലവ് കാരണം 2003ൽ ഇവ നിർത്തലാക്കി. കൂടാതെ 150ന്​ താഴെ സീറ്റുള്ള വിമാനത്തിൽ ഉയർന്ന നിരക്കാണ്​ ഈടാക്കിയിരുന്നത്​. ഇത്​ സാധാരണക്കാർക്ക്​ അപ്രാപ്യമായിരുന്നു.

എയർ ഫ്രാൻസും ബ്രിട്ടീഷ് എയർവേയ്‌സും മാത്രമാണ്​ ഈ വിമാനങ്ങൾ ഉപയോഗിച്ചത്​. 2014ൽ സ്ഥാപിതമായ ഡെൻ‌വർ ആസ്ഥാനമായുള്ള ബൂം സൂപ്പർസോണിക് നിലവിൽ അ​മേരിക്കൻ എയർഫോഴ്​സിന്​ ഓവർച്വറിൻെറ സൈനിക പതിപ്പ്​ വിതരണം ചെയ്യുന്നുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.