1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2017

 

സ്വന്തം ലേഖകന്‍: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ തടവിന് ശിക്ഷിച്ച് സുപ്രീം കോടതി, കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ജഡ്ജി. കര്‍ണനെ അറസ്റ്റുചെയ്യാന്‍ ചീഫ് ജസ്റ്റിസ് കെ.എസ്. ഖേഹര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് പോലീസിന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് കര്‍ണന്റെ ഇനി മുതലുള്ള ഉത്തരവുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു.ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാര്‍ക്കുമെതിരെ കര്‍ണന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതോടെ തുടങ്ങിയ അപൂര്‍വ സംഭവങ്ങളാണ് ഇതോടെ വഴിത്തിരിവില്‍ എത്തിയത്.

2011 ല്‍ ചെന്നൈയില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള ജഡ്ജിമാരില്‍ ഒരാള്‍ ജാതീയമായി വിവേചനം കാണിച്ചുവെന്നുമായിരുന്നു കര്‍ണന്റെ ആരോപണം. ഒരു ദലിതനായതിനാല്‍ സഹപ്രവര്‍ത്തകനായ ജഡ്ജി തന്നെ കാലുകൊണ്ട് തൊഴിച്ചുവെന്നും കര്‍ണന്‍ ആരോപിച്ചു. താന്‍ ദളിതനായതിനാല്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കൃഷ്ണന്‍ കൗള്‍ പീഡിപ്പിക്കുന്നുവെന്നും പ്രധാനപ്പെട്ട കേസുകളൊന്നും തന്റെ പരിഗണനക്ക് വിടുന്നില്ലെന്നും 2015 ല്‍ കര്‍ണന്‍ ആരോപണം ഉന്നയിച്ചു.

സിവില്‍ ജഡ്ജിമാരുടെ നിയമനത്തിനായി രൂപീകരിച്ച സമിതിയിലെ ഒരു ജഡ്ജിയുടെ നിയമനം ചോദ്യം ചെയ്തു കര്‍ണന്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മദ്രാസ് ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ഈ ഹര്‍ജിയില്‍ സ്വമേധയാ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍നിന്നു കര്‍ണനെ സുപ്രീം കോടതി തടഞ്ഞിരുന്നു. 2016 ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ കര്‍ണന്‍ ഗുരുതര അഴിമതി ആരോപണവുമായി രംഗത്തെത്തി. ഇതോടെ ഫെബ്രുവരി 12 ന് സുപ്രീം കോടതി കര്‍ണനെ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റി.

എന്നാല്‍ കര്‍ണന്‍ സ്ഥലം മാറ്റം സ്വയം സ്റ്റേ ചെയ്തതോടെ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വമായ ഒരു നിയമ പോരാട്ടത്തിനും തുടക്കമായി. സ്ഥലം മാറ്റ നിര്‍ദേശം ലഭിച്ചശേഷം ജസ്റ്റിസ് കര്‍ണന്‍ നല്‍കിയ എല്ലാ ഉത്തരവുകളും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു കത്തയച്ചതിനെ തുടര്‍ന്ന് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങി.

2017 മേയില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഉള്‍പ്പെടെ സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാര്‍ക്കു കര്‍ണന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതോടെ കര്‍ണനും സുപ്രീം കോടതി ജഡ്ജിമാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മറ്റൊരു ഘട്ടത്തിലെത്തി. ഏറ്റവുമൊടുവില്‍, ചീഫ് ജസ്റ്റിസ് ഖേഹറിനെയും ഏഴു ജഡ്ജിമാരെയും അഞ്ചു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് കര്‍ണന്‍ തിങ്കളാഴ്ച ഉത്തരവിറക്കി. പട്ടികജാതിവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം സുപ്രീം കോടതിയിലെ എട്ടു ജഡ്ജിമാരും കുറ്റം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വിധിയില്‍ വ്യക്തമാക്കി.

സുപ്രീംകോടതിക്കെതിരെ അടിക്കടി ഉത്തരവുകള്‍ ഇറങ്ങിയപ്പോള്‍ കര്‍ണന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. പക്ഷേ, വൈദ്യ പരിശോധനയുമായി അദ്ദേഹം സഹകരിച്ചില്ല. വീട്ടിലെത്തിയ പൊലീസിനും നാലു ഡോക്ടര്‍മാരും ഒരു നഴ്‌സുമടങ്ങിയ സംഘത്തിനും ചായ നല്‍കിയശേഷം, വൈദ്യപരിശോധന നിരാകരിച്ചതിന്റെ കാരണം വിശദമായി എഴുതി നല്‍കി മടക്കി അയക്കുകയായിരുന്നു ജസ്റ്റിസ് കര്‍ണന്‍. സുപ്രീം കോടതി വിധി അനുസരിച്ച് ജസ്റ്റിസ് കര്‍ണ്ണന്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് നിയമ വിദഗദര്‍ ചൂണ്ടിക്കാട്ടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.