1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2021

സ്വന്തം ലേഖകൻ: 75 വർഷം മുമ്പുള്ള രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താന്‍ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിയമം മുഴുവനായി റദ്ദാക്കേണ്ടെന്നും നടപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമത്തെ കൊളോണിയൽ നിയമം എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടേതാണ് നിരീക്ഷണം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനു ശേഷവും ഈ നിയമം ആവശ്യമാണോ എന്നാണ് കോടതിയുടെ ചോദ്യം. ഈ നിയമത്തിന്‍റെ ദുരുപയോഗ സാധ്യതയും കോടതി ചൂണ്ടിക്കാട്ടി.

നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയെ കുറിച്ച് കോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു, “മരം മുറിക്കുന്നതിന് പകരം കാട് മുഴുവനായി വെട്ടുന്നതു പോലെ.“ രാജ്യദ്രോഹ നിയമം അഭിപ്രായ സ്വാതന്ത്ര്യമെന്ന മൌലികാവകാശത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 എ തീർത്തും ഭരണഘടനാ വിരുദ്ധമാണെന്ന് മുന്‍ മേജർ ജനറൽ എസ് ജി വൊംബാത്കെരെ വാദിച്ചു. രാജ്യദ്രോഹ നിയമം ചോദ്യംചെയ്ത് നിരവധി ഹരജികൾ ലഭിച്ചിട്ടുണ്ടെന്നും എല്ലാം ഒരുമിച്ച് കേൾക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് രമണക്കൊപ്പം എ എസ് ബൊപ്പണ്ണയും ഋഷികേശ് റോയുമാണ് ഹരജി പരിഗണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.