1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2017

സ്വന്തം ലേഖകന്‍: സുപ്രീം കോടതി വിധി, കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്ക് പൂട്ടു വീഴുന്നു. ദേശീയസംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പുട്ടണമെന്ന വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയിലുള്ള ബാറുകള്‍ മാറ്റണമോ അതോ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രം മാറ്റിയാല്‍ മതിയോ എന്നതിലാണ് കേരളം വ്യക്തത തേടിയത്. എന്നാല്‍ എല്ലാ മദ്യശാലകളും പൂട്ടണമെന്നാണ് വിധിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 31 പഞ്ചനക്ഷത്ര ബാറുകളില്‍ 11 എണ്ണം അടച്ചുപൂട്ടി. ഇതോടെ ബാറുകളിലൂടെയുള്ള മദ്യവില്‍പനയില്‍ 35 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 815 ബിയര്‍, വൈന്‍ പാര്‍ലറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 557 എണ്ണത്തിനും ഇതോടെ പൂട്ടു വീണു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ അബ്കാരി വര്‍ഷം ആരംഭിക്കുക!യാണ്. ശനിയാഴ്ച ഡ്രൈ ഡേയാണ്. ഞായറാഴ്ച മുതല്‍ ഇവക്ക് നിലവിലെ ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കാനാകില്ല. ഇവ മാറ്റി മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുന്നതും പ്രായോഗികമല്ല.

ബിവറേജസ് കോര്‍പറേഷന് 270 ചില്ലറവിപണനകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 180 എണ്ണമാണ് മാറ്റിസ്ഥാപിക്കേണ്ടത്. എന്നാല്‍, 46 എണ്ണം മാത്രമേ മാറ്റാന്‍ സാധിച്ചിട്ടുള്ളൂ. 134 എണ്ണം മാറ്റാനുള്ള ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. ഈ സാഹചര്യത്തില്‍ 134 ബെവ്‌കോ വിപണനശാലകളും ഞായറാഴ്ച മുതല്‍ അടച്ചിടേണ്ടി വരും. കണ്‍സ്യൂമര്‍ഫെഡിന് 36 ചില്ലറവിപണനകേന്ദ്രങ്ങളാണുള്ളത് (മൂന്ന് ബിയര്‍, വൈന്‍ വില്‍പനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ). ഇവയില്‍ 30 എണ്ണമാണ് മാറ്റേണ്ടത്. എന്നാല്‍, 11 എണ്ണം മാത്രമേ മാറ്റാനായിട്ടുള്ളൂ. ശേഷിക്കുന്ന 19 എണ്ണം പുതിയ സ്ഥലം ലഭ്യമാകുന്നതുവരെ പൂട്ടിയിടേണ്ടി വരും.

ബാറുകള്‍ മദ്യവില്‍പ്പന ശാലയുടെ പരിധിയില്‍ വരില്ലെന്ന് കേരളത്തില്‍ അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ 5 സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും വിധി ബാധകമാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം ഇരുപതിനായിരമോ അതില്‍ കുറവേ ജനസംഖ്യയുള്ള സ്ഥലങ്ങളില്‍ മദ്യശാലകളുടെ ദൂരപരിധി 220 മീറ്ററായി കുറച്ചു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് വിധിയെന്നും കോടതി വ്യക്തമാക്കി. ബാര്‍ ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31 അവസാനിക്കാത്ത സംസ്ഥാനങ്ങളിലെ ബാറുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

മേഘാലയ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ക്കാണ് സെപ്റ്റംബര്‍ 30 വരെ ഇളവ് ലഭിക്കു. ബാറുകള്‍ പൂട്ടുന്നത് സംബന്ധിച്ച് കോടതിയെ സമീപിക്കാന്‍ വൈകിയതിന് സുപ്രീം കോടതി കേരളത്തെ വിമര്‍ശിക്കുകയും ചെയ്തുഇ. മൂന്ന് മാസം സമയമുണ്ടായിട്ടും അവസാന നിമിഷമാണോ കോടതിയെ സമീപിക്കുന്നത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.