1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2019

സ്വന്തം ലേഖകന്‍: ‘അവസാന സൈനികനും തിരിച്ചെത്തുംവരെ ഉത്കണ്ഠയോടെ കാത്തിരുന്നു,’ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പ്രധാനമന്ത്രി മോദി. ദൗത്യം വിജയിക്കുമോ പരാജയപ്പെടുകയോ ചെയ്യട്ടെ സൂര്യോദയത്തിന് മുമ്പെ നിങ്ങള്‍ തിരികെ എത്തണം. പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാനായി മിന്നലാക്രമണത്തിന് പുറപ്പെടാനൊരുങ്ങിയ കമാന്‍ഡോ സംഘത്തിനോടാണ് മോദി ഇക്കാര്യം പറഞ്ഞത്. തന്റെ സര്‍ക്കാര്‍ അഭിമാനത്തോടെ പലകുറി ആവര്‍ത്തിക്കുന്ന മിന്നലാക്രമണത്തെപ്പറ്റി മോദി ആദ്യമായാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

2016 സെപ്റ്റംബര്‍ 28 നാണ് ഉറി സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക കമാന്‍ഡോ സംഘം പാക് അധീന കശ്മീരിലെ ഭീകരവാദി ക്യാമ്പുകള്‍ക്ക് നേരെ കടന്നുകയറി ആക്രമണം അഴിച്ചുവിട്ടത്. മിന്നലാക്രമണത്തിന്റെ തിയതികള്‍ രണ്ടുതവണ മാറ്റി നിശ്ചയിച്ചിരുന്നുവെന്നും കമാന്‍ഡോ സംഘങ്ങളുടെ സുരക്ഷയെ കരുതി വിവരങ്ങള്‍ അതീവ രഹസ്യമായി മനസില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കുന്നു.

ഉറിയില്‍ സൈനികരെ ഭീകരര്‍ ജീവനോടെ അഗ്‌നിക്കിരയാക്കിയതിനോടുള്ള പക തന്റെയും സൈനികോദ്യോഗസ്ഥരുടെയും ഉള്ളില്‍ വളര്‍ന്നതാണ് മിന്നലാക്രമണം പ്ലാന്‍ ചെയ്യുന്നതിലേക്കെത്തിയതെന്ന് മോദി വ്യകതമാക്കി. ദൗത്യം വിജയോമോ പരാജയമോ ആകട്ടെ അതേപ്പറ്റി ചിന്തിക്കേണ്ടതില്ലെന്നും എന്നാല്‍ സൂര്യോദയത്തിന് മുമ്പ് തിരികെ എത്തണമെന്നുമുള്ള വ്യക്തമായ ഉത്തരവാണ് താന്‍ സൈന്യത്തിന് നല്‍കിയതെന്ന് മോദി പറഞ്ഞു.

ദൗത്യം അധികം നീട്ടിക്കൊണ്ടുപോകരുതെന്ന് നിര്‍ദ്ദേശിച്ചുവെന്നും മോദി പറയുന്നു. മിന്നലാക്രമണത്തെപ്പറ്റി വിശദീകരിക്കുമ്പോള്‍ മോദി വികാരാധീനനായതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക നടപടി തത്സമയം താന്‍ നിരീക്ഷിച്ചിരുന്നുവെന്നും മോദി വെളിപ്പെടുത്തി. ഇതൊരു വലിയ വെല്ലുവിളിയാണെന്ന് ബോധ്യമുണ്ടായിരുന്നു. സൈനികരുടെ സുരക്ഷയ്ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കിയത്. രാഷ്ട്രീയ പ്രതിസന്ധികളെ കാര്യമാക്കിയിരുന്നില്ലെന്നും മോദി പറഞ്ഞു.

ദൗത്യത്തിന് വേണ്ടി കമാന്‍ഡോകളെ സസൂക്ഷമായാണ് തിരഞ്ഞെടുത്തത്. അവര്‍ക്ക് വേണ്ടിയിരുന്ന ആയുധങ്ങളും ഏര്‍പ്പാടാക്കി. അവര്‍ തിരികെ എത്തുന്നതുവരെ താന്‍ ഉത്കണ്ഠയോടെ കാത്തിരുന്നുവെന്നും മോദി വെളിപ്പെടുത്തി.
പുലര്‍ച്ചെ ആയപ്പോഴേക്കും വിവരങ്ങള്‍ ലഭിക്കുന്നത് മണിക്കൂറുകളോളം നിലച്ചു. അതോടെ എന്റെ ആശങ്ക വര്‍ധിച്ചു. മൂന്നു യുണിറ്റുകളില്‍ രണ്ടുപേര്‍ തിരിച്ചെത്തിയെന്ന വിവരം ഒരുമണിക്കൂറിന് ശേഷം ലഭിച്ചു. മറ്റുള്ളവര്‍ ഉടനെ എത്തുമെന്ന് അവര്‍ അറിയിച്ചെങ്കിലും അവസാനത്തെ ആളും തിരികെ എത്തുന്നതുവരെ തനിക്ക് മനസമാധാനമുണ്ടായിരുന്നില്ലെന്നും മോദി പറയുന്നു.

മിന്നലാക്രമണത്തെ രാഷ്ട്രീയവത്കരിച്ചത് സര്‍ക്കാരല്ല പ്രതിപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ ദൗത്യത്തിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നു. സൈനിക നടപടി കഴിഞ്ഞതിനു പിന്നാലെ പാകിസ്താന്റെ വ്യാഖ്യാനങ്ങള്‍ അവരില്‍ സംശയങ്ങള്‍ ഉണ്ടാക്കിയെന്നും മോദി പറഞ്ഞു. പാകിസ്താന്റെ വ്യാഖ്യാനങ്ങള്‍ക്കാണ് പ്രതിപക്ഷ കക്ഷികള്‍ പ്രാധാന്യം കൊടുത്തതെന്നും മോദി പറഞ്ഞു. മിന്നലാക്രമണത്തെപ്പറ്റി രാജ്യത്തെ അറിയിക്കുന്നതിന് മുമ്പ് തന്നെ സൈനിക നടപടി നടത്തിയതായി പാകിസ്താനെ അറിയിച്ചുവെന്നും മോദി വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.