1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2017

സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോഴും പാക് ബാലന് ചികിത്സക്കായി ഇന്ത്യന്‍ വിസ അനുവദിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാകിസ്താനില്‍ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് രണ്ടര വയസ്സുള്ള മകന് ചികിത്സക്കായി അനുമതി തേടിയ പാക് യുവാവിനും കുടുംബത്തിനുമാണ് ഇന്ത്യ മെഡിക്കല്‍ വിസ അനുവദിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലാണ് നടപടികള്‍ വേഗത്തിലാക്കിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജീവന്‍ അപകടത്തിലായ സാഹചര്യത്തിലാണ് കുഞ്ഞിന്റെ പിതാവ് കെന്‍ സഈദ്, സുഷമ സ്വരാജിന് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ട്വീറ്റ് ചെയ്തത്.

സാധാരണക്കാര്‍ക്ക് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിനായി സുഷമ സൃഷ്ടിച്ച ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു സഹായാഭ്യര്‍ഥന. മൂന്നു മാസത്തേക്ക് വിസ അനുവദിക്കണമെന്നായിരുന്നു അഭ്യര്‍ഥന. ”ഇത് എന്റെ മകനാണ്. ഇന്ത്യക്കും പാകിസ്താനും ഇടയില്‍ ഇപ്പോള്‍ സംഭവിക്കുന്നതിനെ കുറിച്ചൊന്നും ഇവനറിയില്ല’,’ ട്വിറ്ററില്‍ മകന്റെ ചിത്രത്തിനൊപ്പം സഈദ് കുറിച്ചു. പോസ്റ്റിനു താഴെ കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യര്‍ഥനയുമായി നിരവധി ഇന്ത്യക്കാരുമെത്തി.

അതിനിടെ സുഷമയുടെ മറുപടിയുമെത്തി. ”ഇല്ല. ഈ കുഞ്ഞ് സഹിക്കേണ്ടിവരില്ല. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടുക. ഞങ്ങള്‍ മെഡിക്കല്‍ വിസ നല്‍കാം” എന്നായിരുന്നു ആ സന്ദേശം. നിര്‍ദേശപ്രകാരം സഈദും കുടുംബവും ഇന്ത്യന്‍ എംബസിയെ സമീപിച്ചു. നാലു മാസത്തേക്കുള്ള വിസയാണ് വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്. ”അഭിപ്രായ ഭിന്നതകള്‍ക്കിടയിലും മനുഷ്യത്വം നിലനില്‍ക്കുന്ന കാഴ്ച ഏറ്റവും ഹൃദ്യമാണ്. നിങ്ങളുടെ ശ്രമങ്ങള്‍ക്ക് നന്ദി. മനുഷ്യത്വം ഇപ്പോഴും നിലനില്‍ക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ,” നന്ദിയറിയിച്ച് സഈദ് വീണ്ടും ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലെ അപ്പോളോ പോലുള്ള ആശുപത്രികള്‍ പാകിസ്താനില്‍നിന്നുള്ള 500 ഓളം രോഗികളെ പ്രതിമാസം സ്വീകരിക്കാറുണ്ടായിരുന്നു. മൂന്നു ലക്ഷത്തിനടുത്ത് ചെലവുവരുന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് കൂടുതല്‍ പേരും ഇന്ത്യയിലെത്തിയിരുന്നത്. ചെന്നൈയിലേക്കും പാക് സ്വദേശികള്‍ ചികിത്സക്കായി എത്തിയിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടിയും കുറഞ്ഞുമിരിക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചികിത്സക്കായി കാത്തിരിക്കുന്ന രോഗികളെ ആശങ്കയിലാഴ്ത്തുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.