1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2015

ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് ബ്രിട്ടന്‍വിട്ട് പുറത്തുപോകുന്നതിനുള്ള യാത്രാ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിവാദത്തില്‍. ഐപിഎല്‍ അഴിമതിയുടെ പേരില്‍ എന്‍ഫോഴ്‌സെമെന്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള ലളിത് മോഡിയെ സുഷമാ സ്വരാജ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. ലളിത് മോഡിയുടെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിന് ഇടപെട്ടുവെന്ന് സുഷമാ സ്വരാജ് സമ്മതിക്കുക കൂടി ചെയ്തതോടെ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

ലളിത് മോഡിയുടെ ക്യാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സാര്‍ത്ഥം മാനുഷിക പരിഗണന നല്‍കിയാണ് സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്നാണ് സുഷ്മാ സ്വരാജിന്റെ വിശദീകരണം. ഈ വിശദീകരണം ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ അംഗീകരിച്ചു. സംഭവം വിവാദമായ സാഹചര്യത്തില്‍ സുഷമാ സ്വരാജ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി പ്രത്യേക ചര്‍ച്ച നടത്തി. വഴി വിട്ട് സഹായങ്ങള്‍ ചെയ്തുകൊടുത്തകാര്യം പ്രധാനമന്ത്രി നരേന്ദ്രമോഡി പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഐപിഎല്‍ വിവാദത്തിന് ശേഷം ലണ്ടനില്‍ കഴിയുന്ന ലളിത് മോഡിയെ മറ്റ് രാജ്യങ്ങളില്‍ പോകുന്നത് തടയണമെന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോഡിക്ക് ബ്രിട്ടന്‍ യാത്രാനുമതി നല്‍കിയിരുന്നില്ല. 2010 മുതല്‍ ലളിത് മോഡി ബ്രിട്ടണിലാണ് താമസിക്കുന്നത്. മോഡിക്ക് യാത്രാ രേഖകള്‍ അനുവദിക്കുന്നത് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് വിഘാതമാകുമെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്. ഇത് മറികടക്കാനാണ് സുഷമാ സ്വരാജ് ഇടപെട്ടത്.

മോഡിക്ക് വിസ അനുവദിക്കുന്നതിന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കെയ്ത് വാസ് ആണ് ബ്രിട്ടീഷ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയത്. വിസ അനുവദിക്കുന്നതിന് ഇന്ത്യയ്ക്ക് തടസ്സമില്ലെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കെയ്ത് വാസ് ബ്രിട്ടീഷ് ഇമിഗ്രേഷന്‍ അധികൃതരെ അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.