സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പു കാലത്ത് ട്രംപിനു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി; ബ്രിട്ടീഷ് കമ്പനിക്ക് ഫേസ്ബുക്കിന്റെ ഇരുട്ടടി. രാഷ്ട്രീയ വിവര വിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്കയാണ് ഫേസ്‌ക്ക് പുറത്താക്കിയത്. സ്വകാര്യതാ നിയമം ലംഘിച്ച് അഞ്ചു കോടിയോളം ഫെയ്‌സ് ബുക് അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ ബ്രിട്ടിഷ് സ്വകാര്യസ്ഥാപനം ചോര്‍ത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.
അനലിറ്റിക്കയുടെ യുകെ ആസ്ഥാനമായ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലാബോറട്ടറീസിനും (എസ്‌സിഎല്‍) വിലക്കു ബാധകമാണ്. സ്വകാര്യത സംബന്ധിച്ച ഫെയ്‌സ് ബുക് അവകാശവാദം പൊള്ളയാണെന്നു തെളിഞ്ഞെന്നും ഫെയ്‌സ് ബുക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗിനെ യുഎസ് കോണ്‍ഗ്രസ് ജുഡീഷ്യല്‍ കമ്മിറ്റി മുന്‍പാകെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്നും ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.
2016 ലെ യുഎസ് തിരഞ്ഞെടുപ്പു കാലത്തു ട്രംപ് പ്രചാരകര്‍ക്കുവേണ്ടി വോട്ടര്‍മാരുടെ വിവരശേഖരണത്തിന്റെ ഭാഗമായാണു 2014 മുതല്‍ ഫെയ്‌സ് ബുക്കില്‍നിന്ന് അഞ്ചു കോടിയോളം പേരുടെ വ്യക്തിവിവരങ്ങള്‍ എടുത്തത്. സമൂഹമാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോര്‍ച്ചയാണിത്. ട്രംപിന്റെ പ്രചാരണത്തിനായി സമൂഹമാധ്യമം ദുരുപയോഗം ചെയ്തതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതു ഫേസ്ബുക്ക് ഇതാദ്യമാണു വെളിപ്പെടുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല