1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍, കേരളത്തില്‍ കോഴിക്കോട്, കേന്ദ്രം സ്വച്ഛ് ഭാരത് പട്ടിക പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് പ്രകാരം കേന്ദ്ര നഗര വികസന മന്ത്രാലയമാണ് സര്‍വേ നടത്തി പട്ടിക പ്രസിദ്ധീകരിച്ചത്. 434 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഇന്‍ഡോറായി പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് ആയിരുന്ന മൈസൂരിനെ പിന്തള്ളിയാണ് ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

മധ്യപ്രദേശിലെ തന്നെ ഭോപ്പാലാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മൈസൂര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിശാഖപട്ടണം മൂന്നാം സ്ഥാനത്തും ഗുജറാത്തിലെ സൂററ്റ് നാലാം സ്ഥാനത്തുണ്ട്. ഡല്‍ഹി കന്റോണ്‍മെന്റ് 172ാം സ്ഥാനത്താണ്. ഡല്‍ഹി ഈസ്റ്റ്, സൗത്ത്, നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലകള്‍ യഥാക്രമം 196, 202, 279 സ്ഥാനങ്ങളിലാണ്. രാജ്യതലസ്ഥാന പ്രദേശത്ത് 88 മതുള്ള ഫരീദാബാദ് മാത്രമാണ് ആദ്യ നൂറില്‍ ഇടം പിടിച്ചത്.

കോഴിക്കോടാണ് കേരളത്തില്‍ ഏറ്റവും വൃത്തിയുള്ള നഗരം. ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളില്‍ 254 മതാണ് കോഴിക്കോട്. കൊച്ചിക്ക് 271 ഉം പാലക്കാടിന് 286 ഉം സ്ഥാനമുണ്ട്. കൊല്ലം (365), തിരുവനന്തപുരം (372) എന്നിവരും പട്ടികയില്‍ ഇടം നേടി. 380 മതുള്ള ആലപ്പുഴയാണ് കേരളത്തിലെ ഏറ്റവും വൃത്തി കുറഞ്ഞ നഗരം. പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഗോണ്ട യു.പി നഗരമാണ്. 434 മതാണ് ഗോണ്ടയുടെ സ്ഥാനം.

മഹാരാഷ്ട്രയിലെ ബുശ്‌വാല്‍, ബീഹാറിലെ ഭാഗ, യു.പിയിലെ ഹര്‍ദോയി, ബീഹാറിലെ കത്ത്യാര്‍ തുടങ്ങിയ നഗരങ്ങളാണ് ഏറ്റവും വൃത്തിഹീനമായത്. മാലിന്യ സംസ്‌കരണം, ശുചിമുറി നിര്‍മ്മാണം തുടങ്ങി അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിക്കാത്തതിനാല്‍ ബംഗാളിലെ നഗരങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.