1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2022

സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ടു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്‌നയുടെ ഓഫിസും ഫ്‌ളാറ്റും പൊലീസ് വലയത്തിലാണ്.

ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയിൽ രഹസ്യമൊഴി നല്‍കിയ ശേഷം ഷാജ് കൊച്ചിയിൽ വച്ച് നേരിട്ടുകണ്ടു. രഹസ്യമൊഴി നല്‍കിയ ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് കണ്ടത്.

ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷാജ് മുന്നറിയിപ്പ് നൽകിയതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി. ഒന്നരമണിക്കൂറിനകം ഷാജ് പറഞ്ഞതുപോലെ സരിത്തിനെ വിട്ടയച്ചു. ഷാജ് ഭീഷണിപ്പെടുത്തിയതിനാലാണ് സരിത്തിനെ കാണാതായപ്പോൾ ഷാജിനെ ആദ്യം വിളിച്ചത്.

നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല, എന്നായിരുന്നു ഭീഷണി. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കിൽ അത് പുറത്തുവിടണം. മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവ് പുറത്തുവിടുന്നത്. മൊഴിയിൽ ഉറച്ചുനിന്നാൽ ജയിലിലടയ്ക്കുമെന്നും പറഞ്ഞു’– സ്വപ്ന പറഞ്ഞു.

ഷാജിന്റെ ഭീഷണി മാനസികമായി തളർത്തി. വീണ്ടും തടവറയിലിടും, മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോർഡ് ചെയ്തത്. ഷാജിനെ വിശ്വസിപ്പിക്കാൻ സരിത്തിനെയും എച്ച്ആർഡിഎസിനെയും തള്ളിപ്പറഞ്ഞു– സ്വപ്ന പറഞ്ഞു.

എല്ലാ സംശയങ്ങൾക്കും തെളിവുണ്ടെന്നു സ്വപ്ന വ്യാഴാഴ്ച വൈകിട്ട് പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തന്റെ സുഹൃത്തുകൂടിയായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്കു വേണ്ടിയാണു സംസാരിക്കാനെത്തിയതെന്ന് സ്വപ്നയും സരിത്തും ആവർത്തിച്ചിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരൺ പല തവണ സംസാരിച്ചു. തന്റെ ജീവനു ഭീഷണിയുള്ളതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങൾ ഷാജ് കിരൺ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു.സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയിൽനിന്നു പിന്മാറാൻ പ്രേരിപ്പിച്ചിട്ടില്ല. സുഹൃത്തെന്ന നിലയ്ക്കുള്ള ഉപദേശങ്ങളാണു നൽകിയത്. രാഷ്ട്രീയനേതാക്കളുമായി ചാനലുകളിൽ ജോലി ചെയ്തിരുന്ന കാലത്തെ പരിചയമേയുള്ളൂ. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കു കടന്നശേഷം അത്തരം ബന്ധങ്ങളില്ലെന്നും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.