
സ്വന്തം ലേഖകൻ: കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡൻ നാറ്റോ സഖ്യത്തിൽ അംഗമാകാൻ തീരുമാനിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്വീഡന്റെ ഔദ്യോഗിക പ്രഖ്യാപനം. സുരക്ഷയുടെ കാര്യമെടുത്താൽ സ്വീഡനും സ്വീഡിഷ് ജനതയ്ക്കും ഏറ്റവും നല്ലത് നാറ്റോയിൽ ചേരുകയായിരിക്കുമെന്ന് പ്രധാനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ പറഞ്ഞു.
നാറ്റോയില്‍ അംഗത്വം സ്വീകരിക്കാനുള്ള ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. വിഷയത്തില്‍ ഈ രാജ്യങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് തിങ്കളാഴ്ച റഷ്യ അറിയിച്ചു. ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്ന തീരുമാനമാണിതെന്ന് ഉപവിദേശമന്ത്രി സെര്‍ഗെയ് റയാബ്‌കോവ് മാധ്യപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും ഈ തീരുമാനം നിലവിലുള്ള സൈനികസംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
അടിസ്ഥാനമില്ലാത്ത ആശയങ്ങള്‍ക്ക് വേണ്ടി സാമാന്യബോധം അടിയറവ് വെയ്ക്കുന്നത് പരിതാപകരമാണെന്നും ഈ തീരുമാനത്തിലൂടെ ഇരുരാജ്യങ്ങളുടേയും സുരക്ഷിതത്വം വര്‍ധിക്കില്ലെന്നും അവക്കെതിരെ റഷ്യ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും റയാബ്‌കോവ് പറഞ്ഞു. നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതാണ് ഫിന്‍ലന്‍ഡിനും സ്വീഡനും നല്ലതെന്നും റയാബ്‌കോവ് കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ അധിനിവേശം ഭയന്നാണ് പതിറ്റാണ്ടുകളായി ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. റഷ്യയുമായി 1,300 കിലോമീറ്റോളം അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡിന്റെ പ്രദേശത്ത് അധിനിവേശം നടത്തുമെന്നാണ് റഷ്യയുടെ ഭീഷണി.
മുപ്പതോളം അംഗരാഷ്ട്രങ്ങളുള്ള നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍(നാറ്റോ) അംഗമാകുന്ന കാര്യം ഫിന്നിഷ് പ്രസിഡന്റ് സൗലി നീനിസ്റ്റോ ശനിയാഴ്ചയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനെ ധരിപ്പിച്ചത്. ഫിന്‍ലന്‍ഡ് സൈനികനിഷ്പക്ഷത അവസാനിപ്പിക്കുന്നത് ഒരു ഗുരുതരവീഴ്ചയായാണ് പുതിന്‍ നോക്കിക്കാണുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ സൂചന നല്‍കി. നാറ്റോയില്‍ അംഗത്വം തേടുന്ന കാര്യം ഫിന്‍ലന്‍ഡ് ഞായറാഴ്ച പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല