1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2016

സ്വന്തം ലേഖകന്‍: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ രാജിവച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി എയ്ഡ ഹസ്സിയാലിക്കാണ് മദ്യപിച്ച് വാഹനമോടിച്ച് വിവാദത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാജി സമര്‍പ്പിച്ചത്. മധ്യ ഇടതുപക്ഷ സര്‍ക്കാരിലെ ഏക മുസ്ലീം മന്ത്രിയായിരുന്നു എയ്ഡ്.

രണ്ട് ഗ്ലാസ് വൈന്‍ കഴിച്ചശേഷം വാഹനമോടിച്ച ഇരുപത്തൊമ്പതുകാരിയായ മന്ത്രിയെ വ്യാഴാഴ്ച വൈകിട്ടാണ് പൊലീസ് പിടികൂടിയത്. രക്തപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം വ്യക്തമായതോടെ കേസെടുക്കുകയായിരുന്നു. ആറു മാസംവരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിഴവാണിതെന്ന് എയ്ഡ പറഞ്ഞു. പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെനുമായി ആലോചിച്ചശേഷമാണ് രാജിയെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവി വാഗ്ദാനമായി വിശേഷിപ്പിക്കപ്പെട്ട നേതാവാണ് എയ്ഡ.

1992 ല്‍ അഞ്ചാം വയസില്‍ മാതാപിതാക്കളോടൊപ്പം ബോസ്‌നിയയില്‍ നിന്ന് സ്വീഡനിലേക്ക് കുടിയേറിയതാണ് എയ്ഡ. ബാള്‍ക്കന്‍ യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ഥികളായവരായിരുന്നു എയ്ഡയുടെ മാതാപിതാക്കള്‍. സോഷ്യല്‍ ഡമോക്രറ്റിക് യൂത്ത് മൂവ്‌മെന്റിലൂടെ സജീവ രാഷ്ടീയത്തിലെത്തിയ എയ്ഡ 23 ആം വയസില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു.

2014 ല്‍ 27 ആം വയസില്‍ സ്വീഡിഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന ബഹുമതി സ്വന്തമാക്കുകയും ചെയ്ത എയ്ഡയുടെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് മദ്യപിച്ച് വണ്ടിയോടച്ചതായുള്ള വിവാദം എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.