1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2021

സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്താൻ അഭിപ്രായ വോട്ടെടുപ്പിനൊരുങ്ങി സ്വിറ്റ്‌സാര്‍ലാന്റ്. രാജ്യത്തെ ചില സംഘടനകളുടെ ആവശ്യപ്രകാരമാണ് ഹിതപരിശോധന. മാര്‍ച്ച് ഏഴിനാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തുക.

മുസ്‌ലിം സ്ത്രീകളുടെ മൂടുപടങ്ങള്‍ എന്ന് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള പ്രദേശങ്ങളില്‍ മുഖം മറക്കുന്നത് നിരോധിക്കണമെന്നാണ് ഈ ആവശ്യവുമായെത്തിയ എഗര്‍കിംഗര്‍ കമ്മിറ്റി എന്ന സംഘടനയുടെ ആവശ്യം. എന്നാല്‍ ബുര്‍ഖ നിരോധനത്തിനുള്ള ഹിതപരിശോധന തള്ളണമെന്ന് നേരത്തേ ജനങ്ങളോട് സ്വിസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിതപരിശോധനയില്‍ നിന്നും പിന്മാറണമെന്ന് സ്വിസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. സ്വിറ്റ്സര്‍ലാന്‍ഡിന്റെ നിയമപ്രകാരം 100,000 ഒപ്പുകളുടെ പിന്തുണയുമായി എത്തുന്ന ഏത് ഹർജിയും ഹിതപരിശോധനക്ക് എടുക്കും.

എന്നാൽ രാജ്യത്തെ സംഘടനകളുടെ നടപടി ഇസ്‌ലാം വിരുദ്ധമാണെന്ന വിമര്‍ശനങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നത്. മുസ്ലീം സ്ത്രീകളുടെ നിഖാബ്, ബുര്‍ഖ, മറ്റ് മൂടുപടങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നതെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ സുരക്ഷാ ആശങ്കകള്‍ കാരണമാണ് നിരോധനം കൊണ്ടുവരുന്നതെന്നാണ് സ്വിറ്റ്‌സര്‍ലാന്റിന്റെ മറുപടി.

നേരത്തേ രാജ്യത്ത് പുതിയ പള്ളികള്‍ നിര്‍മ്മിക്കുന്നത് നിരോധിക്കാനുള്ള വോട്ടെടുപ്പിലും സ്വിസ് വോട്ടര്‍മാര്‍ അനുകൂലമായി തീരുമാനമെടുത്തിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ ഹിതപരിശോധന. സ്വിറ്റ്സര്‍ലാന്‍ഡിലെ ചില പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിലൂടെ നേരത്തേത്തന്നെ മുഖം മുഴുവന്‍ മൂടുന്ന തരത്തിലുള്ള ആവരണങ്ങള്‍ നിരോധിച്ചിരുന്നു.

എന്നാല്‍ രാജ്യവ്യാപകമായി ഭരണഘടന അനുസാസിക്കുന്ന തരത്തിൽ നിരോധനം കൊണ്ടുവരുന്നത് നല്ല കാര്യമല്ലെന്നായിരുന്നു ഇതുവരെ സര്‍ക്കാരിന്റെ നിലപാട്. ഇത്തരം നിരോധനം മുസ്ലീം വിനോദസഞ്ചാരികള്‍ രാജ്യത്തേക്ക് വരാതിരിക്കുന്നതിന് കാരണമാകുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ ബുര്‍ഖ നിരോധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.