
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണം എന്ന നിര്‍ദേശം സ്വിറ്റ്സര്‍ലന്‍ഡിലെ വോട്ടര്‍മാര്‍ ഹിതപരിശോധനയില്‍ തള്ളി. 62 ശതമാനം വോട്ടര്‍മാരും വലതുപക്ഷ പാര്‍ട്ടികളുടെ നിര്‍ദേശത്തെ നിരാകരിച്ചു എന്നാണ് പ്രാഥമിക കണക്ക്. 38 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്.
യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലെങ്കിലും സ്വിറ്റ്സര്‍ലന്‍ഡില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് അംഗ രാജ്യങ്ങളിലെന്ന പോലെ സഞ്ചാര സ്വാതന്ത്ര്യമുണ്ട്. ഇതിനു പരിധി നിശ്ചയിക്കുക എന്നതായിരുന്നു ഹിത പരിശോധനയില്‍ ഉള്‍പ്പെടുത്തിയ അഞ്ച് വിഷയങ്ങളില്‍ ഏറ്റവും പ്രധാനം.
2014ല്‍ സമാന നിര്‍ദേശം പാസായത് സ്വിറ്റ്സര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നായപ്പോള്‍ ലഘൂകരിച്ചാണ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നത്. ഇതു കര്‍ക്കശമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വലതുപക്ഷ പാര്‍ട്ടികള്‍ വീണ്ടും ഇതിനായി ക്യാംപെയ്ന്‍ നടത്തിയത്.
അഞ്ച് സുപ്രധാന വിഷയങ്ങളിലാണ് ഞായറാഴ്ചത്തെ ഹിത പരിശോധനയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ജനത വിധിയെഴുതിയത്
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റത്തിനു പരിധി നിശ്ചയിക്കുക എന്നതാണ് ഇതിൽ പ്രധാനം. തീവ്ര വലതുപക്ഷ പാര്‍ട്ടികളാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.
രാജ്യത്തിനു വേണ്ടി പുതിയ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ചുള്ളതാണ് മറ്റൊരു വിഷയം. രാജ്യ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ സാധാരണഗതയില്‍ ഹിതപരിശോധനയ്ക്കു വിടാറുള്ളതല്ല.ഈ വിഷയത്തിൽ ജനത അനുകൂലമായി വോട്ട് ചെയ്തു.(50.15 %).
കുട്ടി ജനിക്കുമ്പോള്‍ അച്ഛന് അവധി ലഭിക്കുന്ന പാറ്റേണിറ്റി ലീവ് രാജ്യത്ത് ഏര്‍പ്പെടുത്തുന്നതായിരുന്നു അടുത്ത വിഷയം. നിലവില്‍ ഒരു ദിവസം മാത്രമാണ് അച്ഛന്‍മാര്‍ക്ക് അവധി ലഭിക്കുന്നത്. 60.32% പേർ ഈ നിർദേശത്തെ അനുകൂലിച്ചു.
സ്വിസ് സര്‍ക്കാര്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ ചൈല്‍ഡ് ടാക്സ് ഡിഡക്ഷന്‍ പിന്‍വലിക്കണമെന്ന സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ആവശ്യമാണ് അടുത്തത്. 60.32% പേർ എതിർത്ത് വോട്ട് ചെയ്തതോടെ ഈ നിർദേശം പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം സ്വിസ് പാര്‍ലമെന്റ് ചില മൃഗങ്ങളെ വേട്ടയാടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞത് പുനസ്ഥാപിക്കുക എന്നതായിരുന്നു അഞ്ചാമത്തെ വിഷയം. 51.92% പേർ എതിർത്ത് വോട്ട് ചെയ്തതോടെ ഇതും തള്ളപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല