1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2017

 

സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കാമെന്ന് ഹിതപരിശോധനാ ഫലം. മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ നടത്തി നിയമത്തെ എതിര്‍ത്ത തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് വിധി. നിയമത്തിന് അനുകൂലമായി 60 ശതമാനം പേര്‍ വോട്ടുചെയ്തു.പൗരത്വം നേടുന്നതിന് കുടിയേറ്റക്കാരുടെ മൂന്നാം തലമുറയില്‍പ്പെട്ടവര്‍ക്ക് കടന്നു പോകേണ്ട കടമ്പകള്‍ കുറക്കുന്ന നിയമം ഇതോടെ പ്രാബല്യത്തില്‍ വരും.

നേരത്തെ സര്‍ക്കാറും രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷികളും നിയമത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, വലതുപക്ഷ ദേശീയവാദികള്‍ ഇത് മുസ്ലിംകള്‍ പൗരത്വം നേടുന്നതിന് കാരണമാകുമെന്ന് പ്രചാരണം അഴിച്ചുവിടുകയായിരുന്നു. പ്രമുഖ വലതുപക്ഷ കക്ഷിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് നിയമത്തിനെതിരെ രംഗത്തുവന്നത്. ഇസ്ലാം വ്യാപിക്കുന്നത് രാജ്യത്തിന്റെ തനത് സംസ്‌കാരത്തെ ബാധിക്കുമെന്നായിരുന്നു ഇവരുടെ പ്രചാരണം.

എന്നാല്‍, തന്റെ പാര്‍ട്ടി വിഷയത്തില്‍ ഒറ്റപ്പെട്ടുപോയതാണ് ഹിതപരിശോധന പ്രതികൂലമാകാന്‍ കാരണമെന്ന് പാര്‍ട്ടി നേതാവ് ജീന്‍ ലൂക് പറഞ്ഞു. ഇസ്ലാം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വരുംനാളുകളില്‍ രാജ്യം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. 26 പ്രവിശ്യകളില്‍ 19 എണ്ണം അനുകൂലിച്ചപ്പോള്‍ ഏഴ് കണ്‍ടോണുകള്‍ വിപരീത നിലപാടെടുത്തു. ഫ്രഞ്ച് ഭാഷ മേഖലയില്‍ കനത്ത ഭൂരിപക്ഷം നേടിയപ്പോള്‍, ജര്‍മ്മന്‍ ഭാഷാമേഖലയിലെ കിഴക്കന്‍ പ്രവിശ്യകള്‍ ഇളവ് അനുവദിക്കുന്നതിന് എതിരായിരുന്നു.

25 വയസ്സിന് താഴെയുള്ള, സ്വിസ്സില്‍ ജനിച്ച് അഞ്ചു വര്‍ഷമെങ്കിലും ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയിട്ടുള്ളവര്‍ക്കാണ് ഹിതപരിശോധനയുടെ ഗുണം കിട്ടുക. മാതാപിതാക്കളില്‍ ഒരാളെങ്കിലും 10 വര്‍ഷത്തില്‍ കുറയാതെ രാജ്യത്ത് താമസിച്ചിരിക്കുക, വിദ്യാഭ്യാസം ചെയ്തിരിക്കുക, മുത്തച്ഛനോ, മുത്തശ്ശിയോ രാജ്യത്ത് ഉണ്ടായിരിക്കുക എന്നിവയാണ് മറ്റ് നിബന്ധനകള്‍. സ്വിസ്സ് പൗരത്വത്തിനുള്ള അപേക്ഷകളില്‍ നിലവില്‍ വര്‍ഷങ്ങള്‍ നീണ്ട നടപടി ക്രമങ്ങളിലൂടെ അപേക്ഷകന്റെ വാസസ്ഥലത്തെ ലോക്കല്‍ അതോറിറ്റയാണ് പ്രാനമായും തീരുമാനം എടുത്തിരുന്നത്.

സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ നൂലമാലാകള്‍ ലഘൂകരിച്ചതിനോടൊപ്പം പൗരത്വ ഫീസിലും കുറവു വരും. മൂന്നാം തലമുറയ്ക്ക് ഇളവ് അനുവദിച്ചതോടെ ഇരട്ട പൗരത്വം അനുവദിക്കരുതെന്ന പുതിയ വാദവുമായി സ്വിസ്സ് പീപ്പിള്‍സ് പാര്‍ട്ടി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.