1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2021

സ്വന്തം ലേഖകൻ: ബുര്‍ഖയടക്കം മുഖം മറക്കുന്ന വസ്​ത്രങ്ങൾക്കെതിരെ സ്വിറ്റ്​സർലന്‍റിൽ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ നിരോധനത്തെ പിന്തുണച്ചവര്‍ക്ക് നേരിയ ഭൂരിപക്ഷം. 51.2 ശതമാനം പേർ നിരോധനത്തെ പിന്തുണച്ചപ്പോൾ 48.8 ശതമാനം പേർ നിരോധനത്തെ എതിർത്തു. ഞായറാഴ്ച നടന്ന ഹിത പരിശോധനയിൽ ബുർഖ നിരോധനത്തിന്​ ഭൂരിപക്ഷം ലഭിച്ചെങ്കിലും സർക്കാർ ഒൗദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

‘തീവ്രവാദത്തെ തടയുക’ എന്ന മു​ദ്രാവാക്യം ഉയർത്തി വലതുപക്ഷ സംഘടനയായ സ്വിസ്​ പീപ്പ്​ൾസ്​ പാർട്ടിയാണ്​ ഹിതപരിശോധന ആവശ്യപ്പെട്ടത്​. മുസ്ലിം, ഇസ്​ലാം തുടങ്ങിയ പദങ്ങളൊന്നും ഹിതപരിശോധനയിൽ പരാമര്‍ശിച്ചിരുന്നില്ല. പൊതുഇടങ്ങളിൽ മുഖം മറക്കുന്നത്​ സുരക്ഷാ പ്രശ്​നമാണെന്ന്​ ചൂണ്ടികാണിച്ചായിരുന്നു ഹിതപരി​ശോധന.

പ്രക്ഷോഭകാരികളും മറ്റും മുഖം മറക്കുന്നത്​ തടയുകയാണ്​ നിരോധന ആവശ്യത്തിന്‍റെ ലക്ഷ്യമെന്നും ഹിതപരിശോധനയെ അനുകൂലിക്കുന്നവർ ചൂണ്ടികാണിച്ചിരുന്നു. എന്നാൽ, നിരോധനത്തിന്‍റെ യഥാർഥ ലക്ഷ്യം ബുർഖ, നിഖാബ്​ തുടങ്ങിയ മുസ്​ലിം സ്​ത്രീകളുടെ വസ്​ത്രങ്ങളാണെന്ന്​ വിമർശക ആരോപിക്കുന്നു. ബുര്‍ഖ നിരോധനത്തിനുള്ള ഹിതപരിശോധന തള്ളണമെന്ന് നേരത്തേ ജനങ്ങളോട് സ്വിസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

സ്​ത്രീകൾ എന്താണ്​ ധരിക്കേണ്ടതെന്നും ധരി​ക്കാതിരിക്കേണ്ടതെന്നും രാജ്യമല്ല തീരുമാനിക്കേണ്ടതെന്ന്​ പറഞ്ഞാണ്​ ഹിതപരിശോധനയെ സർക്കാർ എതിർത്തത്​. വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും സ്വിസ് സര്‍ക്കാറിനുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലാന്റിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ജനീവാ തടാകപരിസരത്തുള്ള മോണ്‍ട്രെക്‌സ്, ഇന്റര്‍ലേക്കന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഗള്‍ഫില്‍ നിന്നും നിരവധി മുസ്‌ലിം വിനോദസഞ്ചാരികള്‍ എത്താറുണ്ട്. നിരോധനം ഇത്തരം സഞ്ചാരികള്‍ രാജ്യത്തേക്ക് വരാതിരിക്കുന്നതിന് കാരണമാകുമെന്നാണ് സര്‍ക്കാറിന്‍റെ ആശങ്ക.

ജർമൻ സർവകലാശാലയായ ലൂസേണിന്‍റെ ഗവേഷണഫലം പറയുന്നത്​ 30 ഒാളം സ്വിറ്റ്​സർലന്‍റ്​ വനിതകൾ മാത്രമാണ്​ അവിടെ നിഖാബ്​ ധരിക്കുന്നതെന്നാണ്​. അഞ്ച്​ ശതമാനമാണ്​ സ്വിറ്റ്​സർലന്‍റിലെ മുസ്​ലിം ജനസംഖ്യ. ഏകദേശം നാലര ലക്ഷത്തോളം മുസ്​ലിംകളാണ്​ ഇവിടെയുള്ളത്​.

സ്വിറ്റ്​സർലൻിലെ ഫെമിനിസ്റ്റുകൾ ബുർഖക്ക്​ എതിരാണെങ്കിലും നിയമം മൂലം നിരോധിക്കാനുള്ള നീക്കത്തെ അവരും എതിർക്കുന്നുണ്ട്​. സ്​ത്രീ എന്താണ്​ ധരിക്കേണ്ടതെന്നും വേണ്ടാത്തതെന്നും നിയമമല്ല തീരുമാനിക്കേണ്ടത്​ എന്നാണ്​ അവരുടെ നിലപാട്​.

2009 ൽ, പള്ളി മിനാരങ്ങൾ നിർമിക്കുന്നതിനെതിരെയും സ്വിസ്​ പീപ്പ്​ൾസ്​ പാർട്ടിയുടെ ആവശ്യമനുസരിച്ച്​ ഹിതപരിശോധന നടത്തിയിരുന്നു. സർക്കാറിന്‍റെ അഭിപ്രായത്തിന് വിരുദ്ധമായി അന്നും ജനങ്ങൾ സ്വിസ്​ പീപ്പ്​ൾസ്​ പാർട്ടിയുടെ ആവശ്യത്തിന്​ അനുകൂലമായി വോട്ട്​ ചെയ്​തിരുന്നു.

മറ്റു പല യൂറോപ്യൻ രാജ്യങ്ങളും ബുർഖക്കെതിരെ നിലപാടെടുത്തിട്ടുണ്ട്​. 2011 ൽ, ഫ്രാൻസിൽ പൊതുയിടങ്ങളിൽ മുഖം മറക്കുന്നത്​ നിരോധിച്ചിട്ടുണ്ട്​. നെതർലാന്‍റ്​സ്​, ഡെൻമാർക്ക്​, ആസ്​ട്രിയ, ബൾഗേറിയ തുടങ്ങിയപ രാജ്യങ്ങളിലും മുഖം മറക്കുന്നതിന്​ നിയന്ത്രണങ്ങളുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.