1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2021

സ്വന്തം ലേഖകൻ: ഇന്ത്യ-ഓസ്‌ട്രേലിയ മാച്ചിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തിയ കാണികളെ പുറത്താക്കി. ടെസ്റ്റിന്റെ നാലാം ദിവസവും ബൗളര്‍ സിറാജിന് നേരെ തുടര്‍ച്ചയായി വംശീയാധിക്ഷേപം നടത്തിയ കാണികളെയാണ് അധികൃതര്‍ പുറത്താക്കിയത്.

ബൗണ്ടറി ലൈനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിനെ കാണികള്‍ വംശീയമായി അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രഹാനെയും സിറാജും അംപയറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി കാണികളെ സ്‌റ്റേഡിയത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മാച്ച് കുറച്ച് സമയത്തേക്ക് നിര്‍ത്തിവെച്ച ശേഷമാണ് പുനരാരംഭിച്ചത്. അധിക്ഷേപം നടത്തിയവരെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം നടന്നിരുന്നു. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമെതിരെയാണ് സിഡ്നിയിലെ കാണികള്‍ വംശീയാധിക്ഷേപം നടത്തിയത്. സംഭവത്തില്‍ ഇന്ത്യന്‍ ടീം ഐ.സി.സിയ്ക്ക് പരാതി നല്‍കി. ഇന്ത്യയുടെ പരാതിയില്‍ ഐ.സി.സി അന്വേഷണം ആരംഭിച്ചു.

വംശീയാധിക്ഷേപങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും ഐ.സി.സിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.സി.സി.ഐ പ്രതികരിച്ചു.

പരമ്പരയിലെ നാലാം ടെസ്റ്റിന് വേദിയാവേണ്ട ബ്രിസ്ബേനിലെ കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ ടീം ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയാണ് പുതിയ വിവാദം. ബ്രിസ്ബേനിലെ നിയന്ത്രണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ടീമംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം സിഡ്നി ടെസ്റ്റിന് ശേഷം ഇന്ത്യ നാട്ടിലേക്ക് മടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രണ്ടാം തവണയും കാണികളില്‍ നിന്നും വംശീയാധിക്ഷേപം ഉയര്‍ന്നതോടെ മാച്ച് ഉപേക്ഷിക്കണമെന്ന് ഇന്ത്യന്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് അടിസ്ഥാന ബഹുമാനമോ പരിഗണനയോ നല്‍കാത്ത നാട്ടില്‍ ഇനി കളിക്കേണ്ടതില്ലെന്നാണ് ആരാധകരുടെ പ്രതികരണം.

അതേസമയം നാല് ടെസ്റ്റ് മാച്ചുകളുള്ള പരമ്പരയില്‍ ഓരോ മാച്ച് വീതം ജയിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും തുല്യ നിലയിലാണ്. മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ലീഡ് 403 ആണ്. കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരുടെ മികച്ച പ്രകടനാണ് ഓസ്‌ട്രേലിക്ക് വലിയ ലീഡ് നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.