1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2016

സ്വന്തം ലേഖകന്‍: സിറിയയിലെ ട്വിറ്റര്‍ താരമായ ഏഴു വയസുകാരിയെ അലെപ്പോയില്‍ നിന്ന് രക്ഷപ്പെടുത്തി. അലെപ്പോയിലെ ഭീകരക്കാഴ്ചകള്‍ ട്വീറ്റുകളിലൂടെ ലോകത്തെ അറിയിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരി ബനാ അല്‍ അബ്ദിനെയാണ് സന്നദ്ധ സംഘടനയായ സിറിയന്‍, അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി രക്ഷപ്പെടുത്തിയത്. ബനാ ഇപ്പോള്‍ സുരക്ഷിതയാണെന്ന് സംഘടനയുടെ പ്രസിഡന്റ് അഹ്മദ് തരാക്ജി ട്വിറ്ററിലൂടെ അറിയിച്ചു.

ചിരിക്കുന്ന ബനായെ ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എടുത്തുനില്‍ക്കുന്ന ചിത്രവും സംഘടന പുറത്തുവിട്ടിട്ടുണ്ട്. സിറിയന്‍ സൈന്യം യുദ്ധം തുടരുന്ന അലപ്പോയില്‍ അവശേഷിക്കുന്നവരില്‍ ഏറ്റവും ഒടുവില്‍ ഒഴിപ്പിക്കപ്പെട്ട 3000 പേരോടൊപ്പമാണ് ബനായും കുടുംബവും രക്ഷപ്പെട്ടത്.

ട്വിറ്ററില്‍ ലോകത്തുടനീളം ആയിരക്കണക്കിന് ഫോളോവേഴ്‌സ് ആണ് ബനാക്കുള്ളത്. പ്രതിദിനമുള്ള ബനായുടെ ട്വീറ്റുകള്‍ അസദ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദുതന്നെ വിമര്‍ശനവുമായി രംഗത്തത്തെി. ബനാ തീവ്രവാദികള്‍ക്കു വേണ്ടി പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചു. കല്‍ക്കൂമ്പാരമായ തെരുവുകളുടെ ചിത്രങ്ങള്‍ ബനായുടെ ട്വീറ്റിലൂടെ ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ട്വീറ്റുകളുടെ എണ്ണം കുറഞ്ഞുവന്നപ്പോള്‍ ലോകം അവളുടെ ജീവനെക്കുറിച്ച് ആശങ്കപ്പെട്ടു. ഇംഗ്ലീഷ് സംസാരിക്കുന്ന മാതാവ് ഫാതിമയുടെ സഹായത്തോടെയാണ് ബനാ സെപ്റ്റംബറില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. വ്യോമാക്രമണം നിര്‍ത്താന്‍ അന്തര്‍ദേശീയ സമൂഹത്തോട് ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ബനായുടെയും അവളുടെ രണ്ട് ഇളയ സഹോദരങ്ങളുടെയും ചിത്രങ്ങള്‍ ഫാത്തിമ പോസ്റ്റ് ചെയ്തിരുന്നു.

തന്റെ വീട് റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സേന തകര്‍ത്തതായും പിതാവിന് പരിക്കേറ്റതായും രണ്ടാഴ്ച മുമ്പ് ബനാ ട്വീറ്റ് ചെയ്തു. അലെപ്പോയില്‍ പോരാട്ടം കനത്തതോടെ ‘ഗുഡ് ബൈ’ പറഞ്ഞുള്ള ട്വീറ്റിനുശേഷം അക്കൗണ്ട് താല്‍ക്കാലികമായി ഡിലീറ്റ് ചെയ്യുകയും ചെയ്തു. സിറിയന്‍ സേന ഇത് പൂട്ടിച്ചതാവാമെന്നും ബനായുടേയും കുടുംബത്തിന്റേയും ജീവന്‍ അപകടത്തിലാണെന്നും കരുതി വിഷമിച്ച ഫോളോവേഴ്‌സിനു മുന്നിലേക്ക് ആശ്വാസമായാണ് ട്വിറ്റര്‍ ഗേളും കുടുംബവും രക്ഷപ്പെട്ടുവെന്ന വാര്‍ത്ത എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.