1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2015

ഇംഗ്ലണ്ടില്‍ ഡിമെന്‍ഷ്യ രോഗത്തിന്റെ വ്യാപനം തടയുന്നതിനായി എന്‍എച്ച്എസിലെ എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്ന പദ്ധതി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചു. ആശുപത്രി പോര്‍ട്ടര്‍മാര്‍ മുതല്‍ സര്‍ജന്മാര്‍ വരെയുള്ള എല്ലാ ജീവനക്കാരും നിര്‍ബന്ധമായി ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളും മറ്റും തിരിച്ചറിയാനും ആളുകളെ എങ്ങനെ സഹായിക്കണമെന്നുമുള്ള പരിശീലനം നേടണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചാലഞ്ച് ഓണ്‍ ഡിമെന്‍ഷ്യ പദ്ധതിയുടെ രണ്ടാംഭാഗമായി 300 മില്യണ്‍ പൗണ്ട് സര്‍ക്കാര്‍ അനുവദിച്ചു. ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായിരിക്കും തുക ഉപയോഗിക്കുക. പദ്ധതിയുടെ അടുത്തഘട്ടമായി സ്വകാര്യ കമ്പനികളെയും വ്യക്തികളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഡിമെന്‍ഷ്യ ഗവേഷണത്തിനായി ആഗോള ഫണ്ട് രൂപീകരിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ടര ഡിമെന്‍ഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഇംഗ്ലണ്ടില്‍ ആരംഭിക്കും. ഡിമെന്‍ഷ്യ ഗവേഷണം നടത്തുന്ന ആളുകളെ സഹായിക്കുന്നതിനായി ഓണ്‍ലൈന്‍ ടെലിഫോണ്‍ കേന്ദ്രങ്ങള്‍ അടുത്ത ആഴ്ച്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.

എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ നാഷ്ണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ ഡിമെന്‍ഷ്യ പ്രൊഫസര്‍ അലിസ്റ്റര്‍ ബെര്‍ണ്‌സ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെയും നീക്കങ്ങളെയും സ്വാഗതം ചെയ്തു. ഡിമെന്‍ഷ്യയെക്കുറിച്ച് ബോധവത്ക്കരണം നടത്തുക എന്നതാണ് അതിന്റെ ഏറ്റവും വലിയ ചുവടുവെയ്‌പ്പെന്ന് അദ്ദേഹം പറഞ്ഞു.

2013ല്‍ ഡിമെന്‍ഷ്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജി8 ഉച്ചകോടി സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഡിമെന്‍ഷ്യയെ നിയന്ത്രിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ ചെയ്ത് തുടങ്ങിയിരുന്നു. 2025 ഓടെ ഒരു മില്യണ്‍ ആളുകള്‍ക്കെങ്കിലും ഡിമെന്‍ഷ്യ പിടിപെടുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.