
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ അധികാരമുറപ്പിച്ച് സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെ രാജ്യത്തെ ബാര്‍ബര്‍മാര്‍ക്ക് താലിബാൻ്റെ വിചിത്ര ഉത്തരവ്. മുഖത്തെ രോമം ഷേവ ചെയ്തു നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് താലിബാൻ ബാര്‍ബര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഇത് ഇസ്ലാമിക നിയമത്തിനു വിരുദ്ധമാണെന്നാണ് താലിബാൻ അറിയിച്ചിട്ടള്ളതെന്ന് വാര്‍ത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ചയാണ് അഫ്ഗാനിസ്ഥാനിലെ ഒരു തെക്കൻ പ്രവിശ്യയിൽ താലിബാൻ വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഷേവ് ചെയ്യുന്നതിനു പുറമെ താടിയും മീശയും വെട്ടിയൊതുക്കുന്നതിനും നിരോധനമുണ്ട്. പുരുഷന്മാര്‍ മുഖത്തെ രോമങ്ങള്‍ മുറിയ്ക്കുന്നത് ശരിയാ നിയമപ്രകാരം നിഷിധമാണെന്നാണ് താലിബാൻ നല്‍കുന്ന വിശദീകരണം. അഫ്ഗാനിസ്ഥാനിലെ ഹേൽമന്ദ് പ്രവിശ്യയിലാണ് സംഭവം. പ്രവിശ്യയിലെ താലിബാൻ താത്കാലിക സര്‍ക്കാരാണ് പ്രവിശ്യാ തലസ്ഥാനമായ ലഷ്കര്‍ ഗായിലെ ബാര്‍ബര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.
സംഭവത്തിൽ പൊതുജനങ്ങളടക്കം വലിയ പ്രതിഷേധവും രേഖപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. താൻ താടി വളര്‍ത്തുന്നുണ്ടെന്നും എന്നാൽ താടിവെട്ടുന്നതു നിരോധിക്കുന്ന താലിബാൻ ഉത്തരവ് ഹൃദയഭേദകമാണെന്നും ലഷ്കര്‍ ഗാ സ്വദേശിയായ ബിലാല്‍ അഹമ്മദ് വാര്‍ത്താ ഏജൻസിയോടു പറഞ്ഞു. നഗരത്തിൽ എല്ലാവരും അവര്‍ക്ക് താത്പര്യമുള്ളതു പോലെയാണ് ഇതുവരെ ജീവിച്ചിരുന്നതെന്നും അവരെ അവരുടെ വഴിയ്ക്കു വിടണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ് അധിനിവേശത്തിനു മുൻപ് അഫ്ഗാനിസ്ഥാനിൽ ഭരണരംഗത്തുണ്ടായിരുന്ന താലിബാൻ ജനങ്ങള്‍ക്കു മേൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സ്ത്രീകള്‍ക്ക് ഓഫീസുകളിലെത്തി ജോലി ചെയ്യാനോ ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ ജോലി ചെയ്യാനോ അനുമതിയുണ്ടായിരുന്നില്ല. ഇസ്ലാമിക മതനിയമങ്ങളായ ശരിയാ നിയമം അനുസരിച്ചായിരുന്നു താലിബാൻ്റെ ഭരണം. എന്നാൽ രണ്ടാം വരവിൽ കടുംപിടുത്തങ്ങള്‍ ഉണ്ടാകില്ലെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നുമാണ് താലിബാൻ വാഗ്ദാനം ചെയ്യുന്നത്. ഇതിനിടയിലാണ് ഇതിനു വിരുദ്ധമായ വിവരങ്ങള്‍ പുറത്തു വരുന്നത്.
യുഎസ് സൈന്യം പിന്മാറിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15നാണ് താലിബാൻ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം വീണ്ടും ഏറ്റെടുത്തത്. അഫ്ഗാനിസ്ഥാനിൽ സ്ഥിരമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളും താലിബാൻ നടത്തുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കില്ലെന്നും ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് അവര്‍ക്ക് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യാമെന്നുമാണ് താലിബാൻ പറയുന്നത്. പെൺകുട്ടികളെ പുരുഷ അധ്യാപകര്‍ പഠിപ്പിക്കേണ്ടെന്നും അവരെ അധ്യാപികമാര്‍ മാത്രം പഠിപ്പിച്ചാൽ മതിയെന്നുമാണ് താലിബാൻ നിര്‍ദേശിക്കുന്നത്. ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സമാനമായ നിയന്ത്രണങ്ങളുണ്ട്.
ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്കൂളുകളിലും സര്‍വകലാശാലകളിലും കസേരകളുടെ ഇടയ്ക്ക് കുട്ടികളെ വേര്‍തിരിക്കാൻ കര്‍ട്ടനും സ്ക്രീനും സ്ഥാപിച്ചിട്ടുമുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് താലിബാൻ കടുത്ത ശിക്ഷകളാണ് നല്‍കുന്നതെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കുറ്റവാളികളെന്നു കണ്ടെത്തി താലിബാൻ കൊലപ്പെടുത്തിയ നാലു പേരുടെ മൃതദേഹങ്ങള്‍ ഹെറാത്ത് നഗരത്തിൽ പൊതുസ്ഥലത്ത് തൂക്കിയിട്ടു പ്രദര്‍ശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ആരെങ്കിലും നിയമങ്ങള്‍ ലംഘിച്ചാൽ കടുത്ത ശിക്ഷ നല്‍കുമെന്നും പരാതിപ്പെടാൻ അവസരമുണ്ടായിരിക്കില്ലെന്നും ബാര്‍ബര്‍മാര്‍ക്കായി പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിയമലംഘകര്‍ എന്നു മുതലാണ് നടപടി നേരിടേണ്ടി വരിക എന്ന കാര്യത്തിൽ വ്യക്തയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല