1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്വാധീനം ശക്തമാക്കുന്നു. ഇന്നലെ താലിബാൻ കാണ്ഡഹാര്‍ പിടിച്ചെടുത്തു. ഇതോടെ താലിബാൻ കീഴടക്കുന്ന പന്ത്രണ്ടാമത് പ്രവശ്യാതലസ്ഥാനമായി കാണ്ഡഹാര്‍ മാറി. അഫ്ഗാനിസ്ഥാന്റെ വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ സര്‍ക്കാരിന് സ്വാധീനം നഷ്ടപ്പെട്ടു. രാജ്യത്തെ 34 പ്രവശ്യാതലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും താലിബാൻ നിയന്ത്രണത്തിലാണുള്ളത് എന്നാണ് അന്താരാഷ്ട്ര ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് കാണ്ഡഹാര്‍. വെള്ളിയാഴ്ചയാണ് ഇതും പിടിച്ചെടുത്തുവെന്ന അവകാശവാദവുമായി താലിബാൻ രംഗത്തുവരുന്നത്. കാണ്ഡഹാർ പൂർണ്ണമായും കീഴടക്കി. മുജാഹിദുകൾ നഗരത്തിലെ രക്തസാക്ഷി സ്ക്വയറിലെത്തി, എന്ന് ഔദ്യോഗികമായി അംഗീകരിച്ച അക്കൗണ്ടിൽ താലിബാൻ വക്താവ് ട്വീറ്റ് ചെയ്തു.

ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹേറാത്തും താലിബാൻ പിടിച്ചെടുത്തു. നഗരത്തിലെ പോലീസ് ആസ്ഥാനം താലിബാന്റെ കൈവശമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഴ്ചകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഹേറാത്ത് സര്‍ക്കാരിന് നഷ്ടമാകുന്നത്. ഇറാനുമായി അതിർത്തി പങ്കിടുന്ന സിൽക്ക് റോഡിന് അടുത്ത് വരെ എത്തി നിൽക്കുകയാണ് താലിബാൻ എന്നാണ് റിപ്പോര്‍ട്ടുകള്‍.

തലസ്ഥാന നഗരമായ കാബൂളിൽ നിന്നും 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗസ്നിയുടെ നിയന്ത്രണവും ഭരണകൂടത്തിന് നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പരിപൂര്‍ണ നിയന്ത്രണം വ്യാഴാഴ്ചയോടെ താലിബാൻ പിടിച്ചെടുക്കുകയായിരുന്നു. കാണ്ഡഹാറിനെയും കാബൂളിനേയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പ്രധാന നഗരമാണ് ഗസ്നി. നഗരം വിട്ട ഗസ്‌നി ഗവർണറെയും ഉപഗവർണറെയും സുരക്ഷാസേന അറസ്റ്റുചെയ്തതായും നഗരത്തിന്റ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതായും ആഭ്യന്തരമന്ത്രാലയ വക്താവ് മിർവെയ്‌സ് സ്റ്റാനിക്സായ് സ്ഥിരീകരിച്ചു.

ആഭ്യന്തര പോരാട്ടം രൂക്ഷമായ അഫ്ഗാനിസ്ഥാനിൽ ഒരു മാസത്തിനിടെ ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത് എന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 30 ദിവസത്തിനുള്ളിൽ കാബൂൾ ഒറ്റപ്പെടുത്തുമെന്നും 90 ദിവസത്തിനുള്ളിൽ ഭരണം പിടിച്ചെടുക്കുമെന്നും അമേരിക്കൻ ഇന്റലിജൻസ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് നിലവിലെ നീക്കങ്ങള്‍.

താലിബാൻ പോരാട്ടം നടക്കുന്നതിനിടെ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് സൈന്യത്തെ അയക്കാനൊരുങ്ങി അമേരിക്കയും ബ്രിട്ടനും. ഇതിന്റെ ഭാഗമായി മൂവായിരത്തോളം അമേരിക്കൻ സൈനികരാണ് അഫ്ഗാനിലേക്ക് എത്തുന്നത്. അറുനൂറോളം ബ്രിട്ടീഷ് സൈനികർ അഫ്ഗാനിലേക്ക് ഇതിനോടകം തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്ക, ബ്രിട്ടീഷ് എംബസികളിലെ ഉദ്യോഗസ്ഥരേയും ഇരു രാജ്യങ്ങളിലേയും പൗരന്മാരേയും സുരക്ഷിതമായി തിരികെയെത്തിക്കാൻ ലക്ഷ്യമിട്ടാണ് സൈന്യത്തെ അയച്ചത്. അഫ്ഗാനിസ്ഥാൻ സർക്കാരിന് ഭീഷണിയാകുന്ന രീതിയിൽ കാബൂളിലേക്ക് താലിബാൻ മുന്നേറിയതിനെ തുടർന്നാണ് സൈന്യത്തെ അയയ്‌ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.

അതിനിടെ താലിബാൻ സ്വാധീന മേഖലയിൽ നിന്ന് മൂന്ന് ഇന്ത്യൻ എൻജിനീയർമാരെ രക്ഷപ്പെടുത്തി. അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എൻജിനീയർമാരെയാണ് വ്യോമമാർഗം അഫ്ഗാൻ സുരക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. കാബൂളിനെ ഇന്ത്യൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്. താലിബാൻ അഫ്ഗാൻ പ്രവിശ്യകൾ കീഴടക്കുന്നതിനിടെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷക്കായി എംബസി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.