1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാൻ്റെ വിവിധ പ്രദേശങ്ങള്‍ താലിബാൻ അധീനതയിലാകുന്നതിനിടെ ഇന്ത്യ അഫ്ഗാനിസ്ഥാന് സമ്മാനമായി നൽകിയ സൈനിക ഹെലികോപ്റ്ററും ഭീകരസംഘടനയുടെ നിയന്ത്രണത്തിലായെന്ന് റിപ്പോർട്ട്. എംഐ 24 യുദ്ധ ഹെലികോപ്റ്റര്‍ കൈക്കലാക്കിയ വിവരം താലിബാൻ തന്നെയാണ് പുറത്തു വിട്ടത്.

ഹെലികോപ്റ്ററിനൊപ്പം താലിബാൻ ഭീകരര്‍ നിൽക്കുന്നതിൻ്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സൈനിക ഗവേഷകനായ ജോസഫ് ഡെംസിയാണ് ചിത്രങ്ങളും വിവരങ്ങളും ട്വീറ്റ് ചെയ്തിട്ടുള്ളത്. അതേസമയം, പുറത്തു വന്നിട്ടുള്ള ചിത്രങ്ങളിൽ ഹെലികോപ്റ്ററിൻ്റെ ബ്ലേഡുകള്‍ കാണാനില്ലെന്നത് ശ്രദ്ധേയമാണ്. താലിബാൻ ഹെലികോപ്റ്റര്‍ കടത്തിക്കൊണ്ടു പോകുന്നത് ഒഴിവാക്കാനായി അഫ്ഗാൻ സൈന്യം ഹെലികോപ്റ്ററിൻ്റെ ബ്ലേഡുകള്‍ നേരത്തെ തന്നെ നീക്കം ചെയ്തിരിക്കാമെന്നു ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

2019ലായിരുന്നു ഇന്ത്യ അഫ്ഗാൻ വ്യോമസേനയ്ക്ക് മൂന്ന് ചീറ്റ ഹെലികോപ്റ്ററുകള്‍ സമ്മാനമായി നൽകിയത്. 2015ൽ നല്‍കിയ നാല് ഹെലികോപ്റ്ററുകള്‍ക്ക് പ്രത്യുപകാരമെന്ന നിലയിലായിരുന്നു ഇന്ത്യയുടെ ഉപഹാരം. നിലവിൽ അഫ്ഗാനിസ്ഥാൻ്റെ വടക്കൻ മേഖലയിൽ ഭൂരിഭാഗം പ്രദേശങ്ങളും താലിബാൻ നിയന്ത്രണത്തിലായിട്ടുണ്ട്.

വരുന്ന മൂന്ന് മാസത്തിനുള്ളിൽ കാബൂള്‍ താലിബാൻ പിടിച്ചടക്കുമെന്നാണ് യുഎസ് ഇൻ്റലിജൻസ് വിലയിരുത്തുന്നത്. രാജ്യത്തെ നാലിനൊന്ന് പ്രവിശ്യാ തലസ്ഥാനങ്ങളും താലിബാൻ കൈയ്യടക്കിയ സാഹചര്യത്തിൽ രാജ്യത്തിൻ്റെ നിയന്ത്രണം കൈവിട്ടു പോകാതിരിക്കാൻ കഠിന പ്രയത്നത്തിലാണ് അഫ്ഗാൻ സര്‍ക്കാര്‍. ഇതിനിടയിലാണ് ഹെലികോപ്റ്റര്‍ പിടിച്ചെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

വ്യാഴാഴ്ച അഫ്ഗാൻ്റെ തെക്കൻ മേഖലയിൽ താലിബാൻ പോലീസ് ആസ്ഥാനം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരാഴ്ചയ്ക്കിടെ പ്രവിശ്യാ തലസ്ഥാനങ്ങളടക്കം നിരവധി നഗരങ്ങളാണ് താലിബാൻ നിയന്ത്രണത്തിലായത്. പത്ത് വര്‍ഷത്തിലിധകം നീണ്ടു നിന്ന യുദ്ധത്തിനു ശേഷം യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുന്ന സാഹചര്യത്തിലാണ് താലിബാൻ ശക്തിയാര്‍ജിക്കുന്നത്.

അതേസമയം, തിരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഓഗസ്റ്റ് മാസത്തിനുള്ളിൽ യുഎസ് സൈന്യം പൂര്‍ണമായും അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങിപ്പോകുമെന്നുമാണ് പ്രസിഡൻ്റ് ജോ ബൈഡൻ വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.