
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ പ്രവേശിച്ചതായി അന്താരാഷ്ട്ര മാധ്യമമായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിലെ പ്രമുഖ നഗരങ്ങളെല്ലാം താലിബാൻ പിടിച്ചെടുത്തിരുന്നു. ഇതോടെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്റെ സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു.
യുഎസ് സൈന്യം പിൻവാങ്ങിയതോടെ രാജ്യത്ത് താലിബാൻ അധിനിവേശം പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ, കാബൂൾ വിമാനത്താവളം മാത്രമാണ് രാജ്യത്തിന് പുറത്തേക്കുള്ള ഏക വഴി. വാര്‍ത്താ ഏജൻസികള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് അഫ്ഗാൻ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അവസാന പോസ്റ്റ് എന്നു പറയുന്ന ടോര്‍ഖാം അതിര്‍ത്തിയിലാണ് കടന്നു കയറിയിരിക്കുന്നത്.
നാല് ഭാഗത്തു നിന്നും ഒരേസമയം കാബൂളിലേക്ക് പ്രവേശിക്കാനാണ് താലിബാൻ ഒരുങ്ങന്നത്. അക്രമങ്ങളില്‍ നിന്നും വിട്ടുനിൽക്കാനും കാബൂളിൽ നിന്ന് ഒഴിഞ്ഞുപോകുന്നവരെ അതിനനുവദിക്കണമെന്നും നിര്‍ദ്ദേശം നൽകിയെന്ന് താലിബാൻ വക്താക്കള്‍ അറിയിച്ചു. അതിന് പുറമെ, പാകിസ്ഥാനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു.
ഞായറാഴ്ചയോടെ നാലാമത്തെ വലിയ നഗരമായ ജലാലാബാദിന്റെ നിയന്ത്രണം ഭീകരസംഘടന ഏറ്റെടുത്തിരുന്നു. മസാർ-ഇ-ഷെരീഫിന്റെ വടക്കൻ താലിബാൻ വിരുദ്ധ കേന്ദ്രം പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് നഗരം പിടിച്ചെടുത്തതായി വ്യക്തമാക്കിയത്. ബലപ്രയോഗത്തിലൂടെ കാബൂൾ പിടിച്ചെടുക്കില്ലെന്നും ജീവനോ സ്വത്തിനോ ഭീഷണിയില്ലാതെ സമാധാനപരമായും സുരക്ഷിതമായുമുള്ള അധികാരക്കൈമാറ്റത്തിന് ചർച്ചകൾ നടക്കുകയാണെന്നും താലിബാൻ ഓൺലൈൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, നഗരത്തിൽ നിന്ന് വൻതോതിലുള്ള ഒഴിഞ്ഞുപോക്ക് തുടരുകയാണ്. കാബൂൾ പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പാക്കാനുള്ള നടപടികൾക്ക് യു.എസ് വേഗം കൂട്ടി. അമേരിക്കൻ പൗരന്മാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുഗമമായ ഒഴിപ്പിക്കലിന് വേണ്ടി 1000 സേനാംഗങ്ങളെ കൂടി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അഫ്ഗാനിലേക്ക് അയച്ചു.
രണ്ട് പതിറ്റാണ്ടു നീണ്ട സൈനിക നടപടിക്കിടെ അമേരിക്കൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ച അഫ്ഗാനികളെയും സുരക്ഷിതമായി ഒഴിപ്പിക്കും. ഇതിനായി 5000 സേനാംഗങ്ങളെയാണ് യു.എസ് നിയോഗിച്ചിട്ടുള്ളത്. താലിബാൻ ഏത് നിമിഷവും നഗരം പിടിച്ചെടുക്കുമെന്ന സാഹചര്യത്തിൽ, കാബൂളിലെ യു.എസ് എംബസി അധികൃതരോട് തന്ത്രപ്രധാനമായ രേഖകൾ തീയിട്ട് നശിപ്പിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
അമേരിക്കൻ പതാകയുൾപ്പെടെ എല്ലാം നീക്കം ചെയ്യാനാണ് ഇന്‍റേണൽ മെമ്മോ വഴി നിർദേശം നൽകിയതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ തന്ത്രപ്രധാന രേഖകളും നശിപ്പിച്ചിരിക്കണമെന്നാണ് നിർദേശം. ഇതിനായി അവലംബിക്കേണ്ട മാർഗങ്ങളെ കുറിച്ചും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ആരും ഭയക്കേണ്ടതില്ലെന്നും കാബുൾ സുരക്ഷിതമാണെന്നും അഫ്രഫ് ഗാനിയുടെ സ്റ്റാഫ് അംഗമായിരുന്ന മാതിൻ ബെക് ട്വീറ്റ് ചെയ്തു. ഇതോടെ അഫ്ഗാനിലെ 34 പ്രവശ്യകളിൽ 28ന്റെയും നിയന്ത്രണം താലിബാൻ ഏറ്റെടുത്തു കഴിഞ്ഞതായി അൽജസീറയും റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിലെ തന്ത്രപ്രധാനമായ നഗരങ്ങള്‍ കാണ്ഡഹാറും ഹെറാത്തും താലീബാൻ പിടിച്ചെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല