
സ്വന്തം ലേഖകൻ: മോഷണക്കുറ്റത്തിന് നാലുപേരുടെ കൈവെട്ടിയെടുത്ത് ശിക്ഷ നടപ്പാക്കി താലിബാന്‍. പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് ശിക്ഷ നടപ്പാക്കിയത്. യുകെയിലെ അഫ്ഗാന്‍ പുനഃരധിവാസ മന്ത്രാലയത്തിന്റേയും അഭയാര്‍ത്ഥി വകുപ്പ് മന്ത്രിയുടേയും ഉപദേശകയായിരുന്ന ശബ്‌നം നസിമിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. നീതിയുക്തമായ വിചാരണപോലും ഉല്ലാതെയാണ് ശിക്ഷ നടപ്പാക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
ആഗോളതലത്തില്‍ എതിര്‍പ്പുയരുന്ന സാഹചര്യത്തിലും തൂക്കിലേറ്റുന്നതും ചാട്ടവാറിന് അടിക്കുന്നതും അടക്കമുള്ള ശിക്ഷാ രീതികളുമായി താലിബാന്‍ മുന്നോട്ട് പോവുകയാണ്. ഇത്തരം ശിക്ഷാ രീതികളില്‍ ആശങ്ക അറിയിച്ച യുഎൻ ഇത് എത്രെയും പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കവര്‍ച്ചയ്ക്കും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും താലിബാന്‍ ഒമ്പത് പേരെ പരസ്യ ശിക്ഷയ്ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. അഹ്മദ് ഷാഹി സ്‌റ്റേഡിയത്തില്‍ ഒമ്പത് പേരെ ചാട്ടവാറടിക്ക് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്. സുപ്രീംകോടതിയെ ഉദ്ദരിച്ച് അഫ്ഗാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാണ്ഡഹാറിലെ പ്രദേശവാസികളും പ്രാദേശിക ഭരണകര്‍ത്താക്കളും സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. 35 മുതല്‍ 39 തവണവരെയാണ് കുറ്റം ചുമത്തപ്പെട്ടവരെ ചാട്ടവാറടിക്ക് വിധേയമാക്കിയത്.
2022 നവംബര്‍ 18 മുതല്‍ അവിഹിത ബന്ധമടക്കം ആരോപിച്ച് 100ലേറെ സ്ത്രീകളും കുട്ടികളും അടങ്ങുന്നവരെ താലിബാന്‍ പരസ്യ ചാട്ടവാറടിക്ക് വിധേയമാക്കിയിരുന്നു. 20 മുതല്‍ 100 വരെ ചാട്ടവാറടിയാണ് ശിക്ഷയായി വിധിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ ഏഴിന് ഫറാ നഗരത്തില്‍ ഒരാളെ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല