1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2021

സ്വന്തം ലേഖകൻ: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിലവിലെ ലോക്ഡൗണ്‍ മേയ് 24-ന് അവസാനിക്കാന്‍ ഇരിക്കെയാണ് ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. മേയ് 24 മുതല്‍ ഒരാഴ്ചത്തേക്കാണ് ഇളവുകളില്ലാത്ത സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുമായും നിയമസഭാകക്ഷി നേതാക്കളുമായും നടത്തിയ യോഗത്തിനു പിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനം.

ഫാര്‍മസികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കൂടാതെ പാല്‍-പത്രം-കുടിവെള്ളം- ദിനപത്ര വിതരണം എന്നിവയ്ക്കും ഇളവു നല്‍കിയിട്ടുണ്ട്. ചെന്നൈയിലും മറ്റ് ജില്ലകളിലും ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പച്ചക്കറികളും പഴങ്ങളും വാഹനങ്ങളിലൂടെ വിതരണം ചെയ്യും. സെക്രട്ടേറിയേറ്റ് പോലുള്ള അവശ്യ വകുപ്പുകള്‍ പ്രവര്‍ത്തിക്കും.

സ്വകാര്യസ്ഥാപനങ്ങള്‍, ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഐ.ടി/ ഐ.ടി. എനേബിള്‍ഡ് സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെ ഇ-കൊമേഴ്സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

പെട്രോള്‍ പമ്പുകളും എ.ടി.എം. സേവനങ്ങളും പ്രവര്‍ത്തിക്കും. കാര്‍ഷികോത്പന്നങ്ങളുടെ നീക്കത്തിന് തടസ്സമുണ്ടാകില്ല. ചരക്കുനീക്കവും അവശ്യവസ്തുക്കളുടെ നീക്കവും അനുവദനീയമാണ്. വൈദ്യസഹായത്തിനും മരണവുമായി ബന്ധപ്പെട്ടുമുള്ള അന്തര്‍ജില്ലാ യാത്രകള്‍ക്ക് ഇ- രജിസ്ട്രേഷന്‍ ആവശ്യമാണ്. വൈദ്യസഹായത്തിന് ജില്ലയ്ക്കുള്ളില്‍ സഞ്ചരിക്കുന്നതിന് രജിസ്ട്രേഷന്റെ ആവശ്യമില്ല.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ രണ്ടാഴ്ച കുടി ലോക്ഡൗണ്‍ നീട്ടി. ജൂൺ 7 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി യെദ്യുരപ്പയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ നിയന്ത്രണങ്ങളും ജൂൺ 7നു രാവിലെ 6 വരെ തുടരും. മന്ത്രിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു തീരുമാനം.

കഴിഞ്ഞ 10ന് നിലവിൽ വന്ന അടച്ചിടൽ 24 വരെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിലവിലുള്ള മാർഗനിർദേശങ്ങളിൽ മാറ്റമില്ല. രാവിലെ 9.45നു തന്നെ അവശ്യസാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുന്ന സാഹചര്യമുണ്ടാകണം. മാസ്ക്കും അകലവും സാനിറ്റൈസറും പോലുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് നടപടി കർക്കശമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തിലാണ് രണ്ടാഴ്ച കൂടി ലോക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. നഗരങ്ങളിലെ ചേരികളിലും ഗ്രാമ, ജില്ലകളിലും കോവിഡ് വ്യാപനവും മരണങ്ങളും പരിധിവിടുന്ന സാഹചര്യമുണ്ട്. നേരത്തേ സാങ്കേതിക ഉപദേശക സമിതിയും ആരോഗ്യ രംഗത്തെ വിദഗ്ധരും ലോക്ഡൗൺ നീട്ടണമെന്ന നിർദേശം സർക്കാരിനു മുന്നിൽ വച്ചിരുന്നു.

നിയന്ത്രണങ്ങൾ കൊണ്ടു വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ദൈനംദിന വ്യാപന കണക്കുകളിൽ കുറവുണ്ടായിട്ടുണ്ട്. രാവിലെ 6-10 വരെ മാത്രമേ ജനത്തിന് വെളിയില്‍ ഇറങ്ങാന്‍ അനുവാദമുളളൂ. പക്ഷേ ബെംഗളൂരു പോലെയുള്ള നഗരങ്ങളില്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥിതിയുണ്ട്. എന്നാല്‍ ഗതാഗത നിയമലംഘനം നടത്തുന്നവർക്കെതിരെ, പകരം സിസിടിവി ക്യാമറയുടെ സഹായത്തോടെ കേസെടുക്കും.

വാഹനങ്ങൾ നേരിട്ടു പരിശോധിക്കാൻ കുറച്ചു ദിവസത്തേക്കു ട്രാഫിക് പൊലീസ് നിരത്തിലുണ്ടാകില്ല. ഇവർക്കിടയിൽ കോവിഡ് വ്യാപിക്കുന്നതിനെ തുടർന്നാണ് നേരിട്ടുള്ള വാഹന പരിശോധന താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.