1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2021

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. മറ്റന്നാൾ മുതൽ 24 വരെ രണ്ടാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ ഉച്ചയ്‌ക്ക് പന്ത്രണ്ട് വരെ പ്രവർത്തിക്കും.

ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.ഇന്നലെ നടന്ന സത്യപ്രതിജ്ഞയ്‌ക്ക് ശേഷം സ്റ്റാലിൻ സംസ്ഥാനത്ത് എടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ലോക്ക്‌ഡൗൺ. സംസ്ഥാനത്തെ മദ്യശാലകളും അടച്ചിടും.

എന്നാൽ ഹോട്ടലുകളിൽ ടേക്ക് എവേ സംവിധാനമുണ്ടാകും.അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് അതിർത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങൾ തടയും. അടിയന്തര ആവശ്യമുള്ള യാത്രകൾ മാത്രമേ അനുവദിക്കുകയുളളൂ.

പലചരക്ക്, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യ വസ്തുക്കൾ എന്നിവയല്ലാതെയുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞിരിക്കും. സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പാർക്ക്, റീക്രിയേഷൻ ക്ലബ്ബുകൾ, മൃഗശാലകൾ, സ്പോർട്സ് അക്കാദമികൾ എന്നിവ തുറക്കില്ല.

രാവിലെ ആറ് മുതൽ പത്ത് വരേയും വൈകിട്ട് ആറ് മുതൽ ഒമ്പത് മണിവരേയും സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറി സർവീസുകൾക്ക് പ്രവർത്തിക്കാം. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ചായക്കടകൾ എന്നിവയിൽ പ്രവേശനമില്ല. പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കും. സ്വാകാര്യ ഐടി സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. സെക്രട്ടറിയേറ്റ് പോലുള്ള അത്യാവശ്യ സർക്കാർ സ്ഥാപനങ്ങൾ മാത്രം പ്രവർത്തിക്കും. ആരോഗ്യ സംബന്ധമായതോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ ഹോട്ടലുകൾക്കും ലോഡ്ജുകളിലും താമസക്കാരെ സ്വീകരിക്കാനാവില്ല.

26,465 പുതിയ കോവിഡ് രോഗികളാണ് ഇന്നലെ തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 13,23,965 ആയി. ഇന്നലെ മരിച്ച 197 പേർ ഉൾപ്പെടെ ഇതുവരെ 15,171 പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് തമിഴ്‌നാട് ഉൾപ്പടെ പതിനൊന്ന് സംസ്ഥാനങ്ങളാണ് അടച്ചിടലിലേക്ക് കടന്നിരിക്കുന്നത്.

കേരളം, ഡൽഹി, ഹരിയാന ,ബിഹാർ , യു പി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ജാർഖണ്ഡ് , ഛത്തീസ്‌ഗഢ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്. കർണാടകയില്‍ മേയ് 10 മുതൽ 24 വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു.

ആവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ ആറ് മുതല്‍ പത്ത് വരെ മാത്രമേ തുറക്കുകയുള്ളൂ. എന്നാല്‍ വാഹനങ്ങളില്‍ കടകളില്‍ പോകാന്‍ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളടക്കം സംസ്ഥാനത്ത് പരമാവധി അടച്ചിട്ട് രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.