1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2017

സ്വന്തം ലേഖകന്‍: നീറ്റ് പരീക്ഷ തമിഴില്‍ എഴുതാന്‍ അവസരം നിഷേധിച്ചു, മെഡിക്കല്‍ പ്രവേശനം ലഭിക്കത്തതിനെ തുടര്‍ന്ന് പ്ലസ് ടുവിന് 98% മാര്‍ക്ക് നേടിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടില്‍ അരിയല്ലുര്‍ സ്വദേശിനിയായ എസ്.അനിത (17) ആണ് മരിച്ചത്. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്നാണ് സൂചന. അരിയലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.

തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അനിത സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. തമിഴ്‌നാട്ടിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും അവരുടെ പ്രാദേശിക ഭാഷയായ തമിഴിലാണ് പ്ലസ് ടു തലം വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമേ എഴുതാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

എന്നാല്‍ അനിതയുടേത് ഉള്‍പ്പടെയുള്ളവരുടെ ഹരജികള്‍ കോടതി തള്ളിയിരുന്നു. തമിഴ്‌നാട് സിലബസില്‍ ഹയര്‍സെക്കന്‍ഡറി പഠിച്ച അനിതക്ക് 1200ല്‍ 1176 മാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷക്ക് 86 മാര്‍ക്ക് മാത്രമേ ലഭിച്ചുള്ളു. ബോര്‍ഡ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങിയിട്ടും നീറ്റില്‍ തിളങ്ങാന്‍ സാധിക്കാത്ത തന്നെ പോലുള്ള പാവപ്പെട്ട വിദ്യാര്‍ഥികളെ ദുരിതത്തിലാഴ്ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത നീറ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അനിതക്ക് എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങ് സീറ്റില്‍ പ്രവേശനം ലഭിച്ചിരുന്നു. വെറ്റനിറി കോളജിലും അനിതക്ക് സീറ്റ് ലഭിച്ചിരുന്നു. എങ്കിലും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത് അനിതയെ നിരാശപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.