
സ്വന്തം ലേഖകൻ: കോവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സഹായകമാകുന്നതാണ് പദ്ധതികളെന്ന് ടാറ്റാ സ്റ്റീലിന്റെ പ്രസ്താവനയില്‍ പറയുന്നു.
പദ്ധതി പ്രകാരം കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരന്‍ കോവിഡിന് ഇരയായി മരിച്ചാല്‍ അദ്ദേഹം അവസാനം വാങ്ങിയ ശമ്പളം എത്രയാണോ അത് കുടുംബാംഗങ്ങള്‍ക്ക് തുടര്‍ന്നും നല്‍കുമെന്നാണ് പ്രഖ്യാപനം. ജീവനക്കാരന് അറുപത് വയസ്സ് തികയുന്നത് വരെ ഇത് തുടരും. കുടുംബത്തിന് മെഡിക്കല്‍ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ലഭ്യമായിരിക്കും.
ഇതിനു പുറമേ ജോലിക്കിടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയാണെങ്കില്‍ ജീവനക്കാരന്റെ മക്കളുടെ ബിരുദതലം വരെയുളള വിദ്യാഭ്യാസച്ചെലവ് പൂര്‍ണമായും കമ്പനി വഹിക്കും.
ടാറ്റാസ്റ്റീലിന്റെ തീരുമാനത്തെ കൈയടികളോടെയാണ് സാമൂഹിക മാധ്യമങ്ങള്‍ വരവേറ്റത്. നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കളാണ് കമ്പനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ‘ടാറ്റാ സ്റ്റീലിനോട് വലിയ ബഹുമാനം’- ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. കോര്‍പറേറ്റ് ലോകത്തിന് വീണ്ടും പ്രചോദനമേകിയതിന് നന്ദിയെന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല