സ്വന്തം ലേഖകന്‍: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാനില്ല; തട്ടിക്കൊണ്ടു പോയതായി സംശയം. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാതായി. സിപിഐഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വലയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതലാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ചന്ദ്രമുഖി മുവ്വലയെ കാണാതായത്.
തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രചാരണത്തിന് ഇറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്. തിങ്കളാഴ്ച പ്രചാരണം നയിച്ചതിനു ശേഷം ഏറെ വൈകിയാണ് വീട്ടിലെത്തിയതെന്നും ചൊവ്വാഴ്ച അതിരാവിലെ ഒരു പറ്റം ആളുകളോടൊപ്പം ചന്ദ്രമുഖി പുറത്തു പോയതായി സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
തെലങ്കാനയിലെ ഹിജ്‌റ സമിതി ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ആക്ടിവിസ്റ്റ് കൂടിയായ ചന്ദ്രമുഖി മുവ്വല ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്. വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദനായകനായ ബിജെപി എംഎല്‍എ രാജാ സിങ്ങിനെയാണ് ചന്ദ്രമുഖി നേരിടുന്നത്. രാജ്യത്ത് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഒരാളെ മത്സരിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല