1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2017

സ്വന്തം ലേഖകന്‍: ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം, കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി, ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, എട്ടു പേര്‍ക്ക് പരുക്ക്. പ്രാദേശിക സമയം അര്‍ധരാത്രി 12.20 ഓടെ വടക്കന്‍ ലണ്ടനില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ റമദാന്റെ ഭാഗമായി പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.

മാഞ്ചസ്റ്ററിലും ലണ്ടനിലും ഉണ്ടായ ഭീകരാക്രമണങ്ങളുടെ ആഘാതത്തില്‍നിന്നു രാജ്യം കരകയറുന്നതിനിടെയാണ് ലണ്ടന്‍ മോസ്‌കിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 48 കാരനെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് വ്യക്തമാക്കി. ഫിന്‍സ്ബറി പാര്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാന്‍ പ്രാര്‍ഥന കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങിയപ്പോള്‍ ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അക്രമിയെ കൈയേറ്റം ചെയ്യാന്‍ ജനക്കൂട്ടം ശ്രമിച്ചെങ്കിലും പള്ളി ഇമാം ഇടപെട്ട് തടഞ്ഞു. പോലീസ് വരുന്നതുവരെ ശാന്തരായിരിക്കാന്‍ ജനങ്ങളോട് ഇമാം അഭ്യര്‍ഥിച്ചു. ഇമാം മഹമൂദിനെ മുസ്‌ലിം വെല്‍ഫെയര്‍ ഹൗസ് പ്രശംസിച്ചു. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചെന്നും വെല്‍ഫെയര്‍ ഹൗസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അന്വേഷണത്തിനു ഭീകര വിരുദ്ധ സെല്ലിനെ ചുമതലപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രി ആംബര്‍ റഡ് പറഞ്ഞു. പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് ഇതുവരെയുള്ള സൂചനയെന്നു എമര്‍ജന്‍സി കോബ്രാ മീറ്റിംഗിനുശേഷം പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. വിദ്വേഷവും ഭീകരതയും വിജയിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. തെരേസാ മേ പിന്നീട് ഫില്‍സ്ബറി മോസ്‌ക് സന്ദര്‍ശിക്കുകയും ചെയ്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.