1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഖത്തര്‍ ഇളവ് വരുത്തുന്നു. ഖത്തര്‍ പൗരന്‍മാര്‍ക്കും സ്ഥിര താമസ വിസയുള്ളവര്‍ക്കും ഖത്തറില്‍ നിന്ന് പുറത്തേക്ക് പോകാനും തിരിച്ചുവരാനും സാധിക്കും. ആഗസ്റ്റ് ഒന്നു മുതലാണ് ഇളവ് വരുത്തുന്നത്. ഖത്തറിലേക്ക് തിരിച്ച് വരുന്നവര്‍ക്ക് ചില ഉപാധികളോടെയാണ് പ്രവേശനം അനുവദിക്കുക.

ആഗസ്റ്റ് ഒന്ന് മുതലാണ് ഖത്തറില്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കില്ലെന്നും പകരം ഘട്ടങ്ങളായി എടുത്തുമാറ്റുമെന്നും നേരത്തെ ഭരണകൂടം അറിയിച്ചിരുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നതിന് സാധിക്കില്ല. വരുന്നവർക്കാകട്ടെ ആഭ്യന്തര മന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാണ്.

കൊറോണ വൈറസ് രോഗം കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഖത്തറിലേക്ക് പ്രവേശനം നല്‍കുക. പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ വച്ച് കൊറോണ പരിശോധന നടത്തും. ഖത്തറിലെത്തിയാലും പരിശോധനയുണ്ടാകും. ശേഷം ക്വാറന്റൈനില്‍ പ്രവേശിക്കണം. വീടുകളിലാണ് ഒരാഴ്ച ക്വാറന്റൈനില്‍ കഴിയേണ്ടി വരിക.

ഏഴ് ദിവസത്തിന് ശേഷം വീണ്ടും കൊറോണ പരിശോധന നടത്തും. രോഗമില്ലെന്ന് ഉറപ്പായാല്‍ ക്വാറന്റൈന്‍ മതിയാക്കാം. രോഗ ലക്ഷണം കണ്ടാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്താന്‍ സാധിക്കുമെന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

രാജ്യങ്ങളുടെ പട്ടിക രണ്ടാഴ്ച കൂടുമ്പോള്‍ പുതുക്കും. 40 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് ആദ്യത്തില്‍ പുറത്തിറക്കുന്നത് എന്നാണ് വിവരം. ഇതില്‍ ഇന്ത്യയില്ലെന്നാണ് സൂചന. ഏഷ്യ പസഫിക് മേഖലയില്‍ നിന്ന് ചൈന, തായ്‌ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളുണ്ട്. യൂറോപ്പില്‍ നിന്ന് ബ്രിട്ടന്‍, ജര്‍മനി, ഗ്രീസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുണ്ട്. പശ്ചിമേഷ്യയില്‍ നിന്ന് അല്‍ജീരിയയും തുര്‍ക്കിയും പട്ടികയിലുണ്ട്.

വിദേശികള്‍ അവരുടെ രാജ്യത്ത് നിന്ന് കൊറോണ പരിശോധന നടത്തിയില്ലെങ്കില്‍ ഖത്തറിലെത്തിയാല്‍ ഒരാഴ്ച സ്വന്തം ചെലവില്‍ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഏഴ് ദിവസം കഴിഞ്ഞാല്‍ കൊറോണ പരിശോധന നടത്തുകയും വേണം. രോഗമുണ്ടെന്ന് കണ്ടാല്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. രോഗമില്ലെങ്കില്‍ വീടുകളില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം.

വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റീ എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ ഖത്തര്‍ പോര്‍ട്ടല്‍ (https://portal.moi.gov.qa) വെബ്‌സൈറ്റ് വഴി വേണം റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാന്‍. അനുമതി ലഭിക്കുന്നവര്‍ക്ക് മടങ്ങിയെത്താം.

അതിനിടെ നാട്ടില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ സംഘം മടങ്ങുന്നു. ബുധനാഴ്ച രാവിലെ 7.30 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം പ്രാദേശിക സമയം 10.30ന് ദോഹയിലെത്തും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ 170 ഓളം പേരാണ് യാത്രക്കായി ഒരുങ്ങിയിരിക്കുന്നത്.

ഖത്തറിലേക്കുള്ള യാത്രാ ചെലവും ക്വാരന്റീന്‍ ചെലവും എച്ച്എംസിയാണ് വഹിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഖത്തര്‍ (ഫിന്‍ക്യു) ആണ് ജീവനക്കാരെ തിരികെ എത്തിക്കാനുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്.

നാട്ടില്‍ കഴിയുന്ന എച്ച്എംസിയുടെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരേയും മറ്റു ജീവനക്കാരേയും മൂന്ന് ബാച്ചുകളിലായി തിരികെ എത്തിക്കാനാണ് എച്ച്എംസി തയ്യാറെടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.