1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2022

സ്വന്തം ലേഖകൻ: അമേരിക്കയിലെ ടെക്സസിൽ ട്രക്കിനുള്ളിൽ 46 മൃതദേഹങ്ങൾ കണ്ടെത്തി. കുടിയേറ്റക്കാരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെക്സസിലെ സാൻ അന്റോണിയോയിൽ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അവശനിലയിൽ കണ്ടെത്തിയ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാൻ അന്റോണിയോയിലെ തെക്കൻ ഭാഗത്തുള്ള റെയിൽ‌വേ ട്രാക്കുകൾക്ക് സമീപത്തെ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ നിന്നാണ് തിങ്കളാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്. മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റക്കാരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതിർത്തിയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് ട്രക്ക് പാർക്ക് ചെയ്തിരുന്നത്. ആശുപത്രിയിലേക്ക് മാറ്റിയവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. മരിച്ചവരിൽ കുട്ടികൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. കനത്ത ചൂടിനെ തുടർന്നാണ് ആളുകൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മെക്സിക്കൻ അതിർത്തിയിൽ നിന്ന് ഏകദേശം 160 മൈൽ (250 കി.മീ) അകലെയുള്ള സാൻ അന്റോണിയോയിലെ താപനില 39.4 ഡിഗ്രിവരെ ഉയർന്നിരുന്നു. 46 ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണം നടത്താൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. മൂന്ന് പേർ കസ്റ്റഡിയിലാണെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മരിച്ചവരെല്ലാം അഭയാർഥികളാണെന്ന് ടെക്സാസ് ഗവർണർ ഗ്രബ് അബ്ബോർട്ട് പറഞ്ഞു. എന്നാൽ ഇവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. സംഭവത്തെ ‘ടെക്സസ് ദുരന്തം’ എന്നാണ് മെക്സിക്കൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. ട്രക്കിൽ നിന്നും ശബ്ദം കേട്ടാണ് പരിശോധന നടത്തിയതെന്ന് പോലീസ് മേധാവി വില്യം മക്മാനസ് പറഞ്ഞു. കണ്ടെയ്‌നറിൻ്റെ വാതിൽ തുറന്ന നിലയിലായിരുന്നു. പരിശോധനയിൽ ഉള്ളിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹൂസ്റ്റണിലെയും ഡാളസിലെയും കോൺസുലേറ്റുകൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹോണ്ടുറാസ് വിദേശകാര്യ മന്ത്രാലയ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.