
സ്വന്തം ലേഖകൻ: ശീതക്കൊടുങ്കാറ്റിൽ വിറങ്ങലിച്ച ടെക്സസിൽ ദിവസങ്ങൾക്കു ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. എന്നാൽ, സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഇപ്പോഴും ദുരിതം തുടരുകയാണ്. 70 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയാണു ടെക്സസിൽ രേഖപ്പെടുത്തിയത്.
കൊടുംതണുപ്പു മൂലം 30 ലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചിരുന്നു. നിലവിൽ 3,25,000 വീടുകളിലും സ്ഥാപനങ്ങളിലുമാണു വൈദ്യുബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നത്. വെസ്റ്റ് വെർജീനിയയിൽ 4,50,000 പേർക്കും ഒറിഗോണിൽ ഒരു ലക്ഷം പേർക്കും വൈദ്യുതി ലഭ്യമല്ലായിരുന്നു. കെന്റക്കി, ലൂസിയാന എന്നിവിടങ്ങളിലും ശീതക്കൊടുങ്കാറ്റ് ദുരിതം വിതച്ചു.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ജല പ്രതിസന്ധിയാണ് ടെക്സസുകാർ അനുഭവിക്കുന്നത്. കൊടുംശൈത്യത്തിന്റെ പിടിയിലമര്‍ന്ന ടെക്‌സസില്‍ തുടരുന്ന കനത്ത മഞ്ഞുവീഴ്ച മൂലം ശുദ്ധജലവിതരണം പാടെ തകരാറിലായി. മിക്കയിടത്തും വെള്ളം ഐസായതിനെത്തുടര്‍ന്ന് ഒട്ടുമിക്ക സ്ഥലങ്ങളിലും കുടിക്കാനും മറ്റെല്ലാ ആവശ്യത്തിനും ഐസ് ചൂടാക്കുകയാണ്. പൈപ്പുകള്‍ പൊട്ടുകയും കിണറുകള്‍ മരവിക്കുകയും ജല ശുദ്ധീകരണ പ്ലാന്റുകള്‍ ഓഫ്‌ലൈനില്‍ തുടരുകയും ചെയ്തതതാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമായത്.
കൊവിഡ് വാക്‌സിനേഷന്‍ തകരാറിലായതിനു പുറമേ ഐസ് വെള്ളം ഉപയോഗിക്കുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ജലവിതരണ പ്രശ്നങ്ങള്‍ കാരണം ബുധനാഴ്ച അടച്ചുപൂട്ടേണ്ടി വന്ന ഹൂസ്റ്റണിലെ വില്യം പി. ഹോബി വിമാനത്താവളത്തിൻ്റെ പ്രവർത്തനം പരിമിതമായ ശേഷിയില്‍ പുനഃസ്ഥാപിച്ചതായും വിമാനങ്ങള്‍ ഉടൻ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ഫെബ്രുവരി 14 ഞായറാഴ്ച അർധരാത്രി മുതൽ ആരംഭിച്ച കനത്ത ഹിമപാതം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തിപ്പെട്ടതോടെ അതീവ ദുരിതം അനുഭവിക്കേണ്ടി വന്ന ഡാലസ് നിവാസികൾ വെള്ളിയാഴ്ച ഉച്ചയോടെ സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവന്നു തുടങ്ങി. ഗതാഗതവും സാധാരണ നിലയിലായതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഗ്രോസറി സ്റ്റോറുകളിൽ വെള്ളിയാഴ്ച രാവിലെവരെ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമല്ലായിരുന്നു. എന്നാൽ ഉച്ചയോടെ പല സ്റ്റോറുകളിലും പാൽ, മുട്ട, ബ്രഡ് തുടങ്ങിയ ലഭ്യമായി തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല