1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2021

സ്വന്തം ലേഖകൻ: കടല്‍ത്തീരത്ത് നിന്ന് ആ വലിയ കട്ടയെടുത്ത് വരുമ്പോള്‍ സിരിപോണ്‍ നിയാമ്രിന്‍ എന്ന തായ്‌ലാന്‍ഡുകാരിയ്ക്ക് തനിക്ക് രണ്ട് കോടിയോളം പണം തരുന്ന വസ്തുവായിരിക്കുമെന്ന യാതൊരു ധാരണയുമുണ്ടായിരുന്നില്ല. കടലില്‍ നിന്ന് തിരയടിച്ച് തീരത്തെത്തിയ വസ്തു വിറ്റ് കുറച്ച് കാശുണ്ടാക്കാമെന്ന് കരുതിയാണ് വീട്ടിലേക്ക് അതുമായെത്തിയത്.

അയല്‍പക്കത്തുള്ളവരുമായി ആ വസ്തുവിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് സിരിപോണിന് അത് ആംബര്‍ഗ്രിസ് ആണെന്ന് മനസിലായത്. തിമിംഗലത്തിന്റെ ഛര്‍ദിയാണ് ആംബര്‍ഗ്രിസ്, വ്യാവസായികമായി ഏറെ വിലപിടിപ്പുള്ള വസ്തുവാണ് ആംബര്‍ഗ്രിസ്. സുഗന്ധദ്രവ്യനിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന അസംസ്‌കൃതവസ്തുവാണ് ആംബര്‍ഗ്രിസ്. തിമിംഗലം ഛര്‍ദിക്കുമ്പോള്‍ പുറത്തുവരുന്നതാണിത്‌.

ആംബര്‍ഗ്രിസാണെന്നുറപ്പിക്കാന്‍ സിരിപോണും അയല്‍വാസികളും കൂടി അതിനെ ചൂടാക്കി നോക്കുകയും ചെയ്തു. ഉരുകിയ വസ്തു തണുത്തപ്പോള്‍ വീണ്ടുമുറഞ്ഞ് പഴയ നിലയിലെത്തിയതോടെ അത് വിലമതിക്കാനാവാത്ത ആംബര്‍ഗ്രിസാണെന്ന് തിരിച്ചറിഞ്ഞു. ചൂടാക്കിയപ്പോള്‍ ഉണ്ടായ ഗന്ധവും ആംബര്‍ഗ്രിസാണെന്നുറപ്പിക്കാന്‍ സഹായിച്ചതായി സിരിപോണിന്റെ അയല്‍വാസികള്‍ പ്രതികരിച്ചു.

ദീര്‍ഘവൃത്താകൃതിയുള്ള കട്ടയ്ക്ക് ഏഴ് കിലോ ഭാരവും 12 ഇഞ്ച് വീസ്താരവും 24 ഇഞ്ച് നീളവുമുണ്ട്. മുന്‍വില്‍പന വിലയനുസരിച്ച് ഇത്രയും ഭാരമുള്ള ആംബര്‍ഗ്രിസിന് 186,500 പൗണ്ട് വില വരും. (ഏകദേശം 1,90,22,000 രൂപ). വിദഗ്ധര്‍ വീട്ടിലെത്തി തന്റെ കയ്യിലുള്ളത് ആംബര്‍ഗ്രിസാണെന്ന് സ്ഥിരീകരിക്കുന്നത് കാത്തിരിക്കുകയാണ് സിരിപോണ്‍. തനിക്ക് അപ്രതീക്ഷിത ഭാഗ്യവുമായെത്തിയ ആംബര്‍ഗ്രിസിനെ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ് സിരിപോണ്‍.

ഒഴുകി നടക്കുന്ന പൊന്നെന്നും കടലിലെ നിധിയെന്നും അറിയപ്പെടുന്ന ആംബര്‍ഗ്രിസ് തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹന സഹായിയായ സ്രവങ്ങള്‍ ഉറഞ്ഞു കൂടിയുണ്ടാകുന്ന വസ്തുവാണ്. അധികമാവുന്ന ആംബര്‍ഗ്രിസിനെ തിമിംഗലം വായിലൂടെ പുറത്തു വിടും. ഇത് ഉറഞ്ഞു കൂടി സമുദ്രോപരിതലത്തില്‍ ഒഴുകി നടക്കും. ഇത് കയ്യില്‍ കിട്ടുന്ന ഭാഗ്യവാന്‍ വിറ്റ് കാശാക്കുകയാണ് പതിവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.